Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: താൽക്കാലിക വിസി നിയമനത്തിൽ മുഖ്യമന്ത്രി നൽകിയ കത്തിൻമേൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ നടപടികൾ സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ സർക്കാർ തീരുമാനം. കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനങ്ങളിൽ നിന്ന് ഗവർണർ പിന്നോട്ട് പോയില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാൻ ആണ് സിപിഎമ്മിന്റെയും തീരുമാനം അടുത്താഴ്ച കേസ് പരിഗണിക്കുമ്പോൾ സുപ്രിംകോടതിയുടെ ശ്രദ്ധയിലേക്ക് വിഷയം ഉന്നയിക്കാനാണ് സർക്കാർ നീക്കം.
സർക്കാരുമായി കൂടിയാലോചിച്ച് താൽക്കാലിക വിസിമാരുടെ നിയമനം നടത്തണമെന്നാണ് സുപ്രിംകോടതി ഉത്തരവിൽ പറഞ്ഞിരുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഇന്നലെ രാവിലെ തന്നെ ഗവർണർക്ക് കത്തയക്കുകയും ചെയ്തു. വിസി നിയമന കൂടിയാലോചനകൾക്ക് മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, അവരുമായി ചർച്ച നടത്തി വേണം നിയമനങ്ങൾ നടത്താൻ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കത്തിൽ പറത്തിരുന്നത്.
എന്നാൽ ഇത് അംഗീകരിക്കാതെ ഇന്നലെ ഉച്ചയോടെ കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസിമാരുടെ നിയമനം ഗവർണർ നടത്തി. അതും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ പുറത്തു പോകേണ്ടി വന്ന സിസാ തോമസിനെയും, കെ. ശിവപ്രസാദിനെയും തന്നെ രാജേന്ദ്ര അർലേകർ നിയമിച്ചു.
സർക്കാറിനോടുള്ള വെല്ലുവിളിയായിട്ടാണ് ഇത് സിപിഎം നേതൃത്വം കാണുന്നത്. ഇതേ തുടർന്നാണ് ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി ഗവർണർക്ക് വീണ്ടും കത്ത് നൽകിയത്. സുപ്രിംകോടതി വിധിയുടെ ലംഘനം ആണ് വിസിമാരുടെ നിയമനത്തിലൂടെ നടത്തിയതെന്നും, ആ നിയമനങ്ങൾ റദ്ദാക്കണമെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ കത്തിൽ പറഞ്ഞിരുന്നത്. ഇത് ഗവർണർ അംഗീകരിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകാൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
സർവകലാശാലകളുമായി ബന്ധപ്പെട്ട കേസ് ഈ മാസം 13ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അതിനു മുന്നോടിയായി ഈ രണ്ടു വിസിമാരുടെ നിയമനം ഗവർണർ റദ്ദാക്കിയില്ലെങ്കിൽ, സുപ്രിംകോടതിയുടെ ശ്രദ്ധയിൽ വിഷയം പെടുത്താനാണ് സർക്കാർ തീരുമാനം. സർക്കാരുമായി കൂടിയാലോചന നടത്തണമെന്ന് കോടതി നിർദേശം പോലും ചാൻസിലർ അംഗീകരിക്കുന്നില്ലെന്ന വാദമായിരിക്കും സർക്കാർ മുന്നോട്ടുവയ്ക്കുക. കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ കോടതിയുടെ അടിയന്തര ഇടപെടലും സർക്കാർ ആവശ്യപ്പെട്ടേക്കും. ഇതോടെ ഗവർണർക്കെതിരെ മറ്റൊരു പോർമുഖം തുറക്കുകയാണ് സംസ്ഥാന സർക്കാർ.