‘സ്ത്രീകൾക്കെതിരായ അധിക്ഷേപം സഹിക്കില്ല’; തൃഷ വിവാദത്തിന് പിന്നാലെ വിജയിയുടെ മുന്നറിയിപ്പ്
സ്ത്രീകൾക്കെതിരെ ചിലർ ഉപയോഗിക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്
ചെന്നൈ: സ്ത്രീകൾക്കെതിരായ അധിക്ഷേപകരവും അപകീർത്തികരവുമായ പരാമർശങ്ങളെ ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. നിയമസഭയിൽ നടത്തിയ പ്രസംഗത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നിലെ പ്രധാന കാരണം സ്ത്രീകളാണെന്നും അവർക്കെതിരായ അധിക്ഷേപകരമായ പരാമർശങ്ങൾ സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങൾ ഉണ്ടാകാം. എന്നാൽ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉണ്ടാകരുത്, സ്ത്രീകൾക്ക് നേരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തരുത്. അടുത്തിടെ തമിഴ്നാട്ടിൽ അധിക്ഷേപകരമായ പരാമർശങ്ങൾ വ്യാപകമാകുന്നുണ്ട്. സ്ത്രീകൾക്കെതിരെ ചിലർ ഉപയോഗിക്കുന്ന ദ്വയാർത്ഥ പ്രയോഗങ്ങൾ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട് ” അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനുമായ വിജയ് ആരുടെയും പേര് പരാമർശിച്ചില്ല. എന്നാൽ തൃഷ കൃഷ്ണനെതിരെ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയാണ് വിജയിയുടെ പ്രസ്താവന.
കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കാൻ സംഘടിപ്പിച്ച റാലിക്കിടെയായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം. സദസ്സിൽ നിന്ന് തൃഷയുടെ പേര് ഉയർന്നതിനെ തുടർന്ന് ഉദയനിധി അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ആരോപണം.
വിവാദ പരാമർശത്തിന് പിന്നാലെ ചെന്നൈയിലെ വസതിയിൽനിന്ന് ഉദയനിധിയെ അറസ്റ്റ് ചെയ്ത് തഞ്ചാവൂരിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് ഡിഎംകെ പ്രവർത്തകർ പ്രതിഷേധിക്കുകയും മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തതോടെ ഉദയനിധിയെ വിട്ടയക്കുകയായിരുന്നു.