35 വർഷത്തെ നീണ്ട കാത്തിരിപ്പ്; ബിഎൽഒയുടെ ഒരു ഫോൺ കോളിൽ വീണ്ടും കണ്ടുമുട്ടി സഹോദരങ്ങൾ

വർഷങ്ങൾ നീണ്ട വേർപാടിനൊടുവിൽ പരസ്പരം കെട്ടിപ്പിടിച്ച് അവർ പരസ്പരം ഓർമ്മകൾ പങ്കുവെച്ചപ്പോൾ ആ ഹൃദയസ്പർശിയായ രംഗം കണ്ട് സ്കൂളിലുണ്ടായിരുന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി

Update: 2026-09-06 12:14 GMT

ചണ്ഡീഗഢ്: ഹരിയാനയിൽ എസ്ഐആറിനിടെയുണ്ടായ ഒരു സംഭവം ഏവരുടേയും കണ്ണുനിറച്ചിരിക്കുകയാണ്. 35 വർഷമായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന സിതാ റാം, ദാൽബീർ എന്നീ രണ്ട് സഹോദരന്മാരുടെ ഒത്തുചേരലിനാണ് എസ്ഐആർ കാരണമായത്. ജിന്ദ് ജില്ലയിലെ മനോഹർപൂർ ഗവ. സീനിയർ സെക്കൻഡറി സ്കൂളിൽ എസ്ഐആർ ജോലികൾ നടക്കുന്നതിനിടയിലാണ് ഹൃദയസ്പർശിയായ സംഭവം.

ബിഎൽഒ നടത്തിയ ഫോൺ കോളാണ് 35 വർഷമായി വേർപിരിഞ്ഞിരുന്ന സഹോദരങ്ങളെ വീണ്ടും ഒന്നിപ്പിച്ചത്. രേഖകൾ പരിശോധിക്കുന്നതിനിടെ സ്കൂളിലെ അധ്യാപകൻ കൂടിയായ ബിഎൽഒ സീതാറാമിനോട് കുടുംബാംഗങ്ങളെക്കുറിച്ച് ചോദിച്ചറിയുകയായിരുന്നു. തന്റെ കുടുംബത്തെക്കുറിച്ച് പറയുന്നതോടൊപ്പം തന്റെ സഹോദരനെ കൂടി സിതാ റാം എടുത്തുപറയുകയായിരുന്നു. കഴിഞ്ഞ 35 വർഷമായി സഹോദരനായ ദാൽബിറിനെ കാണാനില്ലെന്നും അന്വേഷണത്തിൽ ഇതുവരെ കണ്ടെത്താനായില്ലെന്നും ബിഎൽഒയോട് അദ്ദേഹം വിഷമത്തോടെ പറഞ്ഞതോടെയാണ് അവരുടെ ഒത്തുചേരലിന് ബിൽഒ നിമിത്തമായത്.

Advertising
Advertising

പ്രദേശവാസിയായ ബിഎൽഒയ്ക്ക് സഹോദരനെ പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൊബൈൽ നമ്പറും കൈവശമുണ്ടായിരുന്നു. ഉടൻ തന്നെ ദാൽബിറിനെ ഫോണിൽ വിളിക്കുകയായിരുന്നു. ഫോൺ എടുത്ത ദാൽബിർ സിതാ റാമിന്റെ പേര് കേട്ട ഉടൻ തന്നെ സഹോദരനെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് ദൽബീർ സ്കൂളിലേക്ക് സീതാറാമിനെ കാണാനായി ഓടിയെത്തി. പതിറ്റാണ്ടുകൾക്ക് ശേഷം ആ സഹോദരന്മാർ ഒടുവിൽ നേരിൽ കണ്ടു.

വർഷങ്ങൾനീണ്ട വേർപാടിനൊടുവിൽ പരസ്പരം കെട്ടിപ്പിടിച്ച് അവർ പരസ്പരം ഓർമ്മകൾ പങ്കുവെച്ചപ്പോൾ ആ ഹൃദയസ്പർശിയായ രംഗം കണ്ട് സ്കൂളിലുണ്ടായിരുന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ഡോ. രമേഷ് കുമാർ വേർപിരിഞ്ഞുപോയ ബന്ധം കൂട്ടിയിണക്കിയതിന്റെ സന്തോഷത്തിലാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തിരച്ചിലിന് ശേഷം സഹോദരനെ തിരിച്ചുകിട്ടിയ സന്തോഷവും കുടുംബത്തിലേക്കുള്ള തിരിച്ചുവരവിന്റെ പ്രതീക്ഷയിലുമാണ് ഇരുവരും.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News