'സ്വകാര്യവത്ക്കരിക്കുമെന്ന പ്രചരണം തെറ്റ്'; വിശദീകരണവുമായി ഐഎസ്ആര്‍ഒ

നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് സേവനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കമുണ്ടെന്ന വാർത്തകളിൽ ഔദ്യോഗിക വ്യക്തത തേടി സെപ്റ്റംബർ 4-ന് ഐഎസ്ആര്‍ഒയിലെ ഒൻപത് ജീവനക്കാരുടെ സംഘടനകൾ ചെയർമാൻ വി. നാരായണന് കത്തയച്ചിരുന്നു

Update: 2026-09-07 04:19 GMT

ഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) സ്വകാര്യവത്കരിക്കുമെന്ന വാര്‍ത്തകൾ അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കി ഔദ്യോഗിക പ്രസ്തവാന. നിലവിലുള്ള സാങ്കേതികവിദ്യകളുടെ നിർമാണവും മറ്റു ചുമതലകളും സ്വകാര്യ കമ്പനികൾ ഏറ്റെടുക്കുമ്പോൾ, ഇന്ത്യയുടെ ഭാവിയിലെ അത്യാധുനിക ബഹിരാകാശ ദൗത്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐഎസ്ആർഒയ്ക്ക് സാധിക്കുമെന്നാണ് ഇതേക്കുറിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.

നിർമാണ പ്രവർത്തനങ്ങളും മറ്റ് സേവനങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ നീക്കമുണ്ടെന്ന വാർത്തകളിൽ ഔദ്യോഗിക വ്യക്തത തേടി സെപ്റ്റംബർ 4-ന് ഐഎസ്ആര്‍ഒയിലെ ഒൻപത് ജീവനക്കാരുടെ സംഘടനകൾ ചെയർമാൻ വി. നാരായണന് കത്തയച്ചിരുന്നു. ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ ചെയർമാൻ പവൻ ഗോയങ്കെ ആഗസ്റ്റ് 21-ന് നടത്തിയ പ്രസ്താവനകളെ തുടർന്നായിരുന്നു ഇത്. ഈ ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഐഎസ്ആർഒയുടെ പ്രതികരണം.

Advertising
Advertising

ശാസ്ത്രീയ വൈദഗ്ധ്യം ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന മേഖലകളിൽ ഐ.എസ്.ആർ.ഒയുടെ പങ്ക് വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. അത്യാധുനിക ഗവേഷണങ്ങൾ (R&D), മുൻനിര സാങ്കേതികവിദ്യകൾ, മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യങ്ങൾ, അടുത്ത തലമുറയിലെ റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾ, ആഴക്കടൽ-ഗ്രഹ പര്യവേഷണങ്ങൾ, രാജ്യത്തിന് തന്ത്രപ്രധാനമായ ശേഷികൾ എന്നിവയിലാണ് ഐഎസ്ആർഒ കേന്ദ്രീകരിക്കുക. വാർത്താവിനിമയം, നാവിഗേഷൻ, ഭൂനിരീക്ഷണം എന്നിവയ്ക്കുള്ള അത്യാധുനിക പേലോഡുകൾ, സെൻസറുകൾ, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ തുടങ്ങിയ നിർണായക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നത് തുടരുമെന്നും ഏജൻസി കൂട്ടിച്ചേർത്തു.

അതേസമയം, നിലവിൽ വിജയകരമായി തുടരുന്നതും ദൈനംദിനം നിർമിക്കേണ്ടതുമായ സംവിധാനങ്ങൾ വികസിപ്പിക്കാൻ കൂടുതൽ കമ്പനികളെ പങ്കാളികളാക്കും. നിലവിലുള്ള സാങ്കേതികവിദ്യയിലുള്ള റോക്കറ്റുകൾ, ഉപഗ്രഹങ്ങൾ, മറ്റ് സംവിധാനങ്ങൾ എന്നിവയുടെ നിർമ്മാണം മത്സരസ്വഭാവമുള്ള ലേല നടപടികളിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ സ്വകാര്യ വ്യവസായങ്ങൾക്കോ കൈമാറാവുന്നതാണ്. ഇതിലൂടെ അടുത്ത തലമുറയിലെ സാങ്കേതികവിദ്യകൾക്കും ഭാവി ദൗത്യങ്ങൾക്കുമായി കൂടുതൽ വിഭവങ്ങളും ശാസ്ത്രജ്ഞരുടെ സേവനവും വിനിയോഗിക്കാൻ സാധിക്കുമെന്നും ഐഎസ്ആർഒ വ്യക്തമാക്കി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News