കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; ബസ് സ്റ്റാന്‍ഡിലെത്തിച്ച് പൊലീസിൻ്റെ പരസ്യ മര്‍ദനം
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ ഭാവ്നഗറില്‍ ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയെ ബസ് സ്റ്റാന്‍ഡിലെത്തിച്ച് ജനം നോക്കിനില്‍ക്കേ പരസ്യമായി മര്‍ദിച്ച് പൊലീസ്. തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പൊലീസുകാര്‍ പ്രതിയെ പരസ്യമായി മര്‍ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നു.
20കാരനായ ഫൈസല്‍ എന്നയാളാണ് ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. കാജല്‍ബെന്‍ ബരിയ്യ എന്ന 40കാരിയായിരുന്നു ഇയാളുടെ പങ്കാളി. സെപ്റ്റംബര്‍ മൂന്നിന് ഭാവ്നഗര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് പ്രതി ഇവരെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാജല്‍ബെന്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ നാലിന് മരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ബസ് സ്റ്റാന്‍ഡിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
കുറ്റകൃത്യം പുനഃസൃഷ്ടിക്കുന്നതിനായാണ് പൊലീസ് ഫൈസലിനെ ബസ് സ്റ്റാന്‍ഡിലെത്തിച്ചത്. എന്നാല്‍ ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ വടികൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ കെട്ടിയിട്ട് പൊലീസ് വാഹനത്തിനും മതിലിനുമരികില്‍ വെച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കാജല്‍ബെനും ഫൈസലും കുറച്ചുകാലമായി ഒരുമിച്ച് താമസിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. മറ്റൊരാളുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കാജല്‍ബെനെ ഫൈസല്‍ നിലത്തിട്ട് മര്‍ദിക്കുകയും നിരവധി തവണ ചവിട്ടുകയും ചെയ്തതായി പൊലീസ് പറയുന്നു. തടയാന്‍ ശ്രമിച്ചയാള്‍ക്കും മര്‍ദനമേറ്റിരുന്നു.
സംഭവം വിവാദമായതോടെ പൊലീസ് വിശദീകരണവുമായെത്തി. പ്രതി ചെയ്തത് അപൂര്‍വവും അതിക്രൂരവുമായ കുറ്റകൃത്യമാണെന്നും സമൂഹത്തിന് ഒരു സന്ദേശം നല്‍കേണ്ടതിനാലാണ് മര്‍ദനമെന്നും പൊലീസ് ന്യായീകരിച്ചതായാണ് റിപ്പോര്‍ട്ട്.