തലപ്പത്ത് വീണ്ടും രാജി;പിന്നാലെ 1,500 കോടിയുടെ 'സർപ്രൈസ് മൂവ്', ഒലയിൽ സംഭവിക്കുന്നത് എന്ത്?
നിലവിൽ പ്രതിമാസ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷനിൽ കമ്പനി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
മുംബൈ: പ്രമുഖ ഇരുചക്ര ഇലക്ട്രിക് വാഹന നിർമാതാക്കളായ ഒല ഇലക്ട്രിക് 1,500 കോടി രൂപയുടെ പുതിയ ഫണ്ട് സമാഹരണത്തിന് അംഗീകാരം നൽകി. ഓഹരികളും മറ്റ് സെക്യൂരിറ്റികളും പുറത്തിറക്കിക്കൊണ്ട് മൂലധനം കണ്ടെത്താനാണ് ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. റെഗുലേറ്ററി അനുമതികൾക്കും ഓഹരി ഉടമകളുടെ അംഗീകാരത്തിനും വിധേയമായിട്ടായിരിക്കും ഈ നടപടികൾ മുന്നോട്ട് പോകുക. റൈറ്റ്സ് ഇഷ്യൂ, ക്യു.ഐ.പി, പ്രൈവറ്റ് പ്ലേസ്മെന്റ് തുടങ്ങിയ മാർഗങ്ങളിലൂടെ പണം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂണിൽ ക്യു.ഐ.പി വഴി 780 കോടി രൂപ സമാഹരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
ഫണ്ട് സമാഹരണ പ്രഖ്യാപനത്തിനൊപ്പം കമ്പനിയിൽ ഉന്നതതല രാജി വിവരവും പുറത്തുവന്നു. ഒല ഇലക്ട്രിക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ (സി.ഒ.ഒ) ഹ്യൂൺ ഷിക് പാർക്ക് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും സെപ്റ്റംബർ 5 മുതൽ ഇത് പ്രാബല്യത്തിൽ വന്നതായും കമ്പനി അറിയിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജിയിൽ 36 വർഷത്തിലേറെ പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് 2023 ആഗസ്റ്റിൽ അദ്ദേഹം ഒലയിലെത്തിയത്. ഓലയുടെ ബാറ്ററി സെൽ നിർമാണ വിഭാഗത്തെയും ഗിഗാഫാക്ടറിയുടെ പ്രവർത്തനങ്ങളെയും നയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. പകരക്കാരനെക്കുറിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ടി.വി.എസ്, ബജാജ്, ഏഥർ തുടങ്ങിയ എതിരാളികളിൽ നിന്നുള്ള കടുത്ത മത്സരവും വിപണി വിഹിതത്തിലെ ഇടിവും ഒല ഇലക്ട്രിക്കിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് ഈ മാറ്റങ്ങൾ. നിലവിൽ പ്രതിമാസ ഇലക്ട്രിക് വാഹന രജിസ്‌ട്രേഷനിൽ കമ്പനി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാഹൻ കണക്കുകൾ പ്രകാരം ആഗസ്റ്റിൽ 13,849 ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഒലയ്ക്ക് വിൽക്കാൻ സാധിച്ചത്. ഇതോടെ കമ്പനിയുടെ വിപണി വിഹിതം 7.7 ശതമാനമായി ചുരുങ്ങി. മുൻവർഷം ഇതേ കാലയളവിൽ ഇത് 17.7 ശതമാനമായിരുന്നു.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും വിൽപന വർധിപ്പിക്കാനുമുള്ള ശക്തമായ ശ്രമങ്ങൾക്കിടെയാണ് പുതിയ ഫണ്ട് സമാഹരണവുമായി കമ്പനി മുന്നോട്ടുപോകുന്നത്. അതേസമയം, സ്വതന്ത്ര ഡയറക്ടർമാരായ മനോജ് കുമാർ കോഹ്ലി, ശ്രദ്ധ ശർമ എന്നിവരുടെ കാലാവധി അഞ്ചു വർഷത്തേക്ക് കൂടി നീട്ടാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മുൻ എയർടെൽ ഉന്നതനായ മനോജ് കോഹ്ലിയും യുവര്‍സ്റ്റോറി സ്ഥാപക ശ്രദ്ധ ശർമയും 2023 മുതൽ ഒലയുടെ ഭരണസമിതിയിൽ സജീവ സാന്നിധ്യമാണ്. പുതിയ മൂലധനം വഴി പ്രതിസന്ധികൾ മറികടക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.