ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

പഞ്ചാബിന്റെ അവകാശങ്ങളിൽ കേന്ദ്രസർക്കാർ തുടർച്ചയായി നടത്തുന്ന “കടന്നുകയറ്റത്തിനും ഭരണഘടനാ ചട്ടങ്ങളുടെ ലംഘനത്തിനുമെതിരെയാണ്” പ്രമേയം പാസാക്കിയതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ എക്‌സിൽ കുറിച്ചു

Update: 2026-09-07 07:08 GMT
Editor : Hafeesa .P.K | By : Web Desk

ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അശ്വനി കുമാർ മിശ്രയെ നിയമിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് പഞ്ചാബ് മന്ത്രിസഭ പ്രമേയം പാസാക്കിയത്.

ജസ്റ്റിസ് മിശ്ര ചുമതലയേൽക്കാനിരിക്കെയാണ് അടിയന്തര മന്ത്രിസഭാ യോഗം ചേർന്ന് പ്രമേയം പാസാക്കിയത്. പഞ്ചാബിന്റെ അവകാശങ്ങളിൽ കേന്ദ്രസർക്കാർ തുടർച്ചയായി നടത്തുന്ന “കടന്നുകയറ്റത്തിനും ഭരണഘടനാ ചട്ടങ്ങളുടെ ലംഘനത്തിനുമെതിരെയാണ്” പ്രമേയം പാസാക്കിയതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ എക്‌സിൽ കുറിച്ചു.

Advertising
Advertising

സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടാതെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിയമനം നടത്തിയതെന്നും ഇത് മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുടെയും ഭരണഘടനാ ചട്ടങ്ങളുടെയും നേരിട്ടുള്ള ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

2026 ഓഗസ്റ്റ് ആറിനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് അശ്വനി കുമാർ മിശ്രയെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ ചെയ്തത്. നിലവിൽ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചുവരികയായിരുന്നു മിശ്ര.

കൊളീജിയം ശുപാർശയ്ക്ക് പിന്നാലെ കേന്ദ്ര നിയമ മന്ത്രാലയം സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടുകയും ഫയൽ പഞ്ചാബ് സർക്കാരിന് അയക്കുകയും ചെയ്തു. എന്നാൽ സെപ്റ്റംബർ രണ്ടുവരെ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മറുപടി നൽകിയില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് സെപ്റ്റംബർ അഞ്ചിന് കേന്ദ്രം നിയമനം വിജ്ഞാപനം ചെയ്തു.

അതേസമയം, ഭരണഘടനയുടെ ആർട്ടിക്കിൾ 217(1) പ്രകാരം ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. നിയമനത്തിൽ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായും ബന്ധപ്പെട്ട സംസ്ഥാന ഗവർണറുമായും കൂടിയാലോചന നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ സംസ്ഥാന സർക്കാരിന്റെ അഭിപ്രായം നിയമനത്തിൽ നിർണായകമല്ലെന്നും അതിന് വീറ്റോ അധികാരമില്ലെന്നും നിലവിലെ വ്യവസ്ഥകൾ വ്യക്തമാക്കുന്നു.

നിയമനത്തിനെതിരെ പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമയും രംഗത്തെത്തി. സംസ്ഥാന സർക്കാരിന്റെ അഭിപ്രായം അവഗണിച്ച് നിയമനം നടത്തിയത് ആശങ്കാജനകമാണെന്നും ഇത് പഞ്ചാബിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Writer - Hafeesa .P.K

contributor

Editor - Hafeesa .P.K

contributor

By - Web Desk

contributor

Similar News