പഹല്‍ഗാമിലെ ഇരകൾക്ക് ഐക്യദാര്‍ഢ്യം; വഖഫ് പ്രതിഷേധവും കാമ്പയിനും താൽക്കാലികമായി നിർത്തിവെച്ചെന്ന് മുസ്‍ലിം പേഴ്സണൽ ലോ ബോർഡ്
നേരത്തെ നിരവധി മുസ്‍ലിം സംഘടനകൾ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു
ന്യൂഡല്‍ഹി: കശ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓള്‍ ഇന്ത്യ മുസ് ലിം വ്യക്തി നിയമ ബോര്‍ഡ്. ഇതേതുടര്‍ന്ന് മൂന്ന് ദിവസത്തേക്ക് വഖഫ് ഭേദഗതിക്കെതിരെയുള്ള പ്രചാരണം നിര്‍ത്തിവെച്ചു. പഹല്‍ഗാമില്‍ നടന്ന ആക്രമണം ഹീനവും അപലപനീയവുമായ പ്രവര്‍ത്തിയാണെന്നും ഭീകരര്‍ക്ക് ഇത്തരമൊരു പൗരസമൂഹത്തില്‍ സ്ഥാനമില്ലെന്നും അവര്‍ വ്യക്തമാക്കി. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ള നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ഈ ഭീകരാക്രമണത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. നടന്നത് മനുഷ്യത്വരഹിത പ്രവര്‍ത്തിയാണ്.ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.
നേരത്തെ മുസ്‍ലിം സംഘടനകളായ ജംഇയത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവർ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. കശ്മീരിലേയും ഡല്‍ഹിയിലേയും പല പള്ളികളും ഭീകരാക്രമണത്തെ അപലപിക്കുകയാണെന്ന് ജംഇയത്തുൽ ഉലമാ പ്രസിഡന്റ അർഷദ് മദനി പറഞ്ഞു. സാധാരണക്കാരുടെ സമാധാനവും സന്തോഷവും തകർക്കുന്ന ഇത്തരം ചെയ്തികളെ അപലപിച്ച് കശ്മീരിലെയും ഡൽഹികളിലെയും പള്ളികൾ രംഗത്തെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയ ഒന്നിനും ഇത്തരം അക്രമങ്ങളെ ന്യായീകരിക്കാന്‍ ആവില്ലെന്നും,എല്ലാ ധാര്‍മിക ബോധത്തേയും ധിക്കരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തിയായിരുന്നു ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു.