പഹൽഗാം ഭീകരാക്രമണം: 26 പേരുടെ മരണത്തിന് ഉത്തരവാദി അമിത് ഷാ, ഉടൻ രാജിവയ്ക്കണമെന്ന് സഞ്ജയ് റാവത്ത് എംപി

മതം ചോദിച്ച ശേഷമാണ് ഭീകരർ വിനോദസ‍ഞ്ചാരികളെ കൊലപ്പെടുത്തിയതെങ്കിൽ‍ മുസ്‌ലിംകൾ എങ്ങനെ കൊല്ലപ്പെട്ടെന്നും റാവത്ത് ചോദിച്ചു.

Update: 2025-04-24 16:26 GMT
Advertising

മുംബൈ: ജമ്മു കശ്മീർ‍ പഹൽ​ഗാം ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കാണെന്ന് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. അമിത്ഷാ പരാജിതനായ ആഭ്യന്തര മന്ത്രിയാണെന്നും ഉടൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതം ഉറപ്പിച്ച ശേഷമാണ് ഭീകരർ വിനോദസ‍ഞ്ചാരികളെ കൊലപ്പെടുത്തിയതെങ്കിൽ‍ മുസ്‌ലിംകൾ എങ്ങനെ കൊല്ലപ്പെട്ടെന്നും റാവത്ത് ചോദിച്ചു.

'പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ 24 മണിക്കൂറും മറ്റ് പാർട്ടികളെ തകർക്കുന്നതിലും പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കുന്നതിന്റേയും തിരക്കിലാണ്. അമിത് ഷാ തന്റെ മുഴുവൻ ഊർജവും എപ്പോഴും രാഷ്ട്രീയത്തിനായാണ് ചെലവഴിക്കുന്നത്. പക്ഷേ ആരാണ് രാജ്യത്തെ സംരക്ഷിക്കുക?'- അദ്ദേഹം ചോദിച്ചു.

'പഹൽഗാമിൽ വിനോദസഞ്ചാരിക‌ളുടെ മരണത്തിന് ഉത്തരവാദി അമിത് ഷാ മാത്രമാണ്. മറ്റാരും ഇതിന് ഉത്തരവാദികളല്ല. പശ്ചിമ ബംഗാളിൽ നിന്ന് ജമ്മു കശ്മീരിലേക്ക് വ്യാപിക്കുന്ന വിദ്വേഷത്തിന്റെ ഫലമാണിത്'- അദ്ദേഹം ചൂണ്ടിക്കാട്ടി.

'രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പരാജിതനായ ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ. രാജ്യമൊട്ടാകെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നു. ഒരു ദിവസം പോലും ആ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അവകാശമില്ല. അദ്ദേഹം രാജിവച്ച് രാജ്യത്തിന് ഉപകാരം ചെയ്യണം'- റാവത്ത് പറഞ്ഞു.

'തീവ്രവാദികൾ വെടിവയ്ക്കുന്നതിനുമുമ്പ് അവരുടെ മതം ചോദിച്ചതായി ഇരകളിൽ ചിലരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. അങ്ങനെ മതത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ, ആക്രമണത്തിൽ മുസ്‌ലിംകൾ എങ്ങനെ മരിച്ചു' എന്ന് റാവത്ത് ചോദിച്ചു. 'ആക്രമണത്തിൽ മുസ്‌ലിംകളും കൊല്ലപ്പെട്ടിട്ടുണ്ട്. ആളുകളെ കൊല്ലുന്നതിനുമുമ്പ് തീവ്രവാദികൾ മതം ചോദിച്ചിട്ടുണ്ടെങ്കിൽ, അതിന് ഉത്തരവാദി ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയമാണ്'- അദ്ദേഹം പറഞ്ഞു.

ബീഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ 'സർജിക്കൽ സ്ട്രൈക്ക്' പോലുള്ള ഒരു ഓപ്പറേഷൻ നടത്താൻ സാധ്യതയുണ്ടെന്നും റാവത്ത് പറ‍ഞ്ഞു. നോട്ട് നിരോധനത്തിനും ആർട്ടിക്കിൾ 370 റദ്ദാക്കലിനും ശേഷം ഭീകരത അവസാനിക്കുന്നുവെന്ന് മോദിയും അമിത്ഷായും പാർലമെന്റിൽ കള്ളം പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News