പാക് നടന്‍റെ ബോളിവുഡ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചേക്കും; കൂടുതൽ നടപടിയുമായി ഇന്ത്യ
ഫവാദ് ഖാൻ അഭിനയിച്ച 'അബിർ ഗുലാൽ' എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തേക്കില്ല
ഡൽഹി: പാകിസ്താനെതിരെ കൂടുതൽ നടപടിക്ക് ഇന്ത്യ. പാകിസ്താനി നടന്‍റെ സിനിമയ്ക്ക് ഇന്ത്യയിൽ പ്രദർശനാനുമതി നൽകിയേക്കില്ല. ഫവാദ് ഖാൻ അഭിനയിച്ച 'അബിർ ഗുലാൽ' എന്ന സിനിമ ഇന്ത്യയിൽ റിലീസ് ചെയ്തേക്കില്ല. മെയ് 9നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ഫവാദിനൊപ്പം അഭിനയിച്ചതിന് ബോളിവുഡ് നടി വാണി കപൂറിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
പഹൽഗാം ഭീകരാക്രമണത്തോടെ പാകിസ്താൻ താരങ്ങളെയും സിനിമകളെയും ബഹിഷ്കരിക്കാനുള്ള ആഹ്വാനം സോഷ്യൽമീഡിയയിൽ വ്യാപകമാണ്. പ്രതികൂല സാഹചര്യം ഭയന്ന് അണിയറപ്രവര്‍ത്തകര്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. "പ്രൊഡക്ഷൻ ഹൗസ് അവരുമായി ചർച്ച നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അബിർ ഗുലാൽ മെയ് 9 ന് റിലീസ് ചെയ്യാൻ സാധ്യതയില്ല. കാര്യങ്ങൾ ശരിയാകുന്നത് വരെ സിനിമയുടെ റിലീസ് നീട്ടിവെച്ചേക്കാം. പക്ഷേ, അത് എപ്പോൾ സംഭവിക്കുമെന്ന് ഉറപ്പില്ല, കാരണം ഇപ്പോൾ ഒരു പാകിസ്താൻ നടന്‍ അഭിനയിച്ച സിനിമ ഏറ്റെടുക്കാൻ തിയറ്റര്‍ ഉടമകൾ തയ്യാറാകുന്നില്ല'' വൃത്തങ്ങൾ കൂട്ടിച്ചേര്‍ത്തു.
ഇതോടെ ഫവാദിന്‍റെ ഇന്ത്യൻ സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് മുടങ്ങുന്നത്. ഒന്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് 'അബിര്‍ ഗുലാല്‍'. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഖൂബ്‌സൂരത്ത് (2014), കപൂര്‍ ആന്‍ഡ് സണ്‍സ് (2016), യേ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ നേരത്തെ ഫവാദ് ഖാന്‍ അഭിനയിച്ചിരുന്നു. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് പാക് താരങ്ങളുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. #boycottAbirGulaal എന്ന ഹാഷ്‌ടാഗോടെ അബിർ ഗുലാലിനെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണ ആഹ്വാനവും ഉയര്‍ന്നു. അബിൽ ഗുലാലിനെ ഇന്ത്യയിൽ നിരോധിക്കണമെന്നായിരുന്നു ആവശ്യം.
ഇതാദ്യമായിട്ടല്ല ഫവാദ് അഭിനയിച്ച ഇന്ത്യൻ സിനിമ വിവാദങ്ങളിൽ പെടുന്നത്. 2016-ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സും ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനും പാക് അഭിനേതാക്കള്‍ ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആ സമയത്ത് ബോളിവുഡിൽ തിളങ്ങിക്കൊണ്ടിരുന്ന ഫവാദ് കരൺ ജോഹറിന്‍റെ 'ഏ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു, തുടര്‍ന്ന് പാക് നടന്‍മാരെ തന്‍റെ ചിത്രത്തിൽ അഭിനയിപ്പിക്കില്ലെന്ന് കരൺ പ്രഖ്യാപിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു.