'കശ്മീരി മുസ്‌ലിംകൾ ഉത്തരാഖണ്ഡ് വിടണം'; ഭീഷണിയുമായി ഹിന്ദു രക്ഷാദള്‍
ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചതായും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് 25ലേറെ പോസ്റ്റുകള്‍ നീക്കം ചെയ്തതായും പൊലീസ് അറിയിച്ചു.
ഡെറാഡൂണ്‍: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉത്തരാഖണ്ഡിൽ താമസിക്കുന്ന കശ്മീരികള്‍ക്കെതിരെ ഭീഷണി മുഴക്കി ഹിന്ദു രക്ഷാദള്‍. കശ്മീരി മുസ്‌ലിംകൾ ഉത്തരാഖണ്ഡ് വിടണമെന്നാണ് ഭീഷണി.
'പഹല്‍ഗാമിലെ സംഭവങ്ങള്‍ ഞങ്ങളെ വേദനിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10ന് ശേഷം സംസ്ഥാനത്ത് ഏതെങ്കിലും കശ്മീരി മുസ്‌ലിംകളെ കണ്ടാല്‍ അവരെ കാത്തിരിക്കുന്നത് വലിയ വിപത്തായിരിക്കും. സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വരെ ഞങ്ങള്‍ കാത്തിരിക്കില്ല- ഹിന്ദു രക്ഷാദള്‍ നേതാവ് ലളിത് ശര്‍മ പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഭീഷണിയെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചതായും സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് 25ലേറെ പോസ്റ്റുകള്‍ നീക്കം ചെയ്തതായും ഡെറാഡൂണ്‍ പൊലീസ് അറിയിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ ചണ്ഡീഗഢിലേക്ക് മാറാന്‍ അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും പല വിദ്യാര്‍ഥികളും അവരുടെ നാട്ടിലേക്ക് മടങ്ങി.
കശ്മീരി വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജുകളിലെ അധ്യാപകരും വാര്‍ഡന്മാരുമായി പൊലീസ് നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും ആരെങ്കിലും ആക്രമണം നടത്തിയാൽ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
2019ലെ പുല്‍വാമ അക്രമണത്തെ തുടര്‍ന്ന് ഒരു കൂട്ടം ഹിന്ദുത്വ സംഘടനാ പ്രവർത്തകർ കോളജുകളിലേക്ക് ഇരച്ചു കയറുകയും കശ്മീരി വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ചെയ്തിരുന്നു.