ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിന് വധഭീഷണി
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനും മുന്‍ ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് ഇമെയില്‍ വഴി വധഭീഷണി. 'നിന്നെ ഞാന്‍ കൊല്ലും' എന്ന സന്ദേശം അടങ്ങുന്ന ഇ മെയിലാണ് താരത്തിന് ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഗംഭീര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇമെയിലിന്റെ ഉറവിടവും അയച്ചയാളെ തിരിച്ചറിയാനും സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പഹല്‍ഗ്രാം ഭീകരാക്രമണത്തെ അപലപിച്ച് ഏപ്രില്‍ 22ന് ഗംഭീര്‍ എക്‌സില്‍ പോസ്റ്റിട്ടിരുന്നു.അതേ ദിവസം തന്നെയാണ് താരത്തിന് മെയില്‍ സന്ദേശവും ലഭിച്ചത്. ഭീകരാക്രമണം നടത്തിയവര്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും, ഇന്ത്യ ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും എക്‌സിലെ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഐഎസ്‌ഐഎസ് കശ്മീര്‍ എന്ന പേരിലാണ് വധഭീഷണി ലഭിച്ചതെന്ന് ഗംഭീര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുടുംബസമേതം അവധിക്കാലം ആഘോഷിക്കാന്‍ ഫ്രാന്‍സിലേക്ക് പോയ ഗംഭീര്‍ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് വധഭീഷണി.