'പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം'; ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി കേന്ദ്രം
ഇന്ത്യയിലുള്ള പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകും.
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് നിർദേശങ്ങളുമായി കേന്ദ്രം. പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് പ്രധാന നിർദേശം.
നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാർ ഉടൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ നൽകില്ല. ഇന്ത്യയിലുള്ള പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച വിസകൾ ഏപ്രിൽ 27 മുതൽ അസാധുവാകുമെന്നും കേന്ദ്രം അറിയിച്ചു.
മെഡിക്കൽ വിസയിലുള്ള പാക് പൗരന്മാരുടെ വിസാ കാലാവധി ഏപ്രിൽ 29നും അവസാനിക്കും. പുതുക്കിയ വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ ഇന്ത്യ നടപടികൾ കടുപ്പിച്ചിരുന്നു. സിന്ധു നദീജല കരാർ മരവിപ്പിക്കുകയും പാക് പൗരൻമാർ 48 മണിക്കൂറിൽ ഇന്ത്യ വിടണമെന്ന് നിർദേശിക്കുകയും ചെയ്ത കേന്ദ്രം, പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.
പാകിസ്താനിലെ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനും തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ പാകിസ്താൻ ഉദ്യോഗസ്ഥരും മടങ്ങിപ്പോകണം. ഇസ്‌ലാമാബാദിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. അട്ടാരി അതിർത്തി ഉടനടി അടച്ചുപൂട്ടും. സാധുവായ രേഖകൾ ഉള്ളവർക്ക് മെയ് ഒന്നിന് മുമ്പ് അതുവഴി മടങ്ങാം. ഹൈക്കമ്മീഷനുകളുടെ മൊത്തത്തിലുള്ള അംഗബലം നിലവിലുള്ള 55ൽ നിന്ന് 30 ആയി കുറയ്ക്കാനും തീരുമാനിച്ചു.
പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിക്കുകയും ചെയ്തു. ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്. ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പഹല്‍ഗാമില്‍ ഉച്ചയോടെയാണ് ഭീകരര്‍ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔദ്യോഗിക കണക്ക് പ്രകാരം മലയാളിയടക്കം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15ലധികം പേര്‍ക്ക് പരിക്കേറ്റു.