വഖഫ് നിയമം മതസ്വാതന്ത്രത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണം; രാഹുൽ ഗാന്ധി
ക്രിസ്ത്യാനികളുടെ സ്വത്തിനെ കുറിച്ചുള്ള ഓർഗനൈസർ ലേഖനത്തിൽ ഗൂഢലക്ഷ്യമുണ്ട്
ന്യൂ ഡൽഹി: വഖഫ് നിയമം മതസ്വാതന്ത്രത്തിനും ഭരണഘടനയ്ക്കും എതിരായ ആക്രമണമെന്ന് രാഹുൽ ഗാന്ധി. എല്ലാ വിഭാഗങ്ങളെയും അവർ തേടി വരുമെന്നും രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. ക്രിസ്ത്യാനികളുടെ സ്വത്തിനെ കുറിച്ചുള്ള ഓർഗനൈസർ ലേഖനത്തിൽ ഗൂഢലക്ഷ്യമുണ്ട്. ക്രിസ്ത്യൻ സമൂഹത്തിന്റെ സ്വത്തിൽ ആക്രമണം നടത്താൻ പോകുന്നു എന്നാണ് ഓർഗനൈസർ പറയുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ചൊവ്വാഴ്ചയാണ് പ്രാബല്യത്തിൽ വന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ തടസ ഹരജി ഫയൽ ചെയ്തതിനു പിന്നാലെയാണ് ഇപ്പോൾ നിയമം പ്രാബല്യത്തിലാക്കി വിജ്ഞാപനം കൂടി പുറപ്പെടുവിച്ചിരിക്കുന്നത്.
കേന്ദ്രത്തിന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് തടസ ഹരജിയിലെ ആവശ്യം. നിയമത്തിനെതിരെ സുപ്രിംകോടതിയിൽ നിരവധി ഹരജികളെത്തുകയും അവ 16ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു മുന്നോടിയായാണ് കേന്ദ്രത്തിന്റെ നീക്കം.
കേന്ദ്ര സർക്കാർ ഈ നിയമം കൊണ്ടുവരാനുള്ള സാഹചര്യം എന്താണ് എന്നതിനെക്കുറിച്ചായിരിക്കും കോടതിയിൽ വാദം നടക്കുക. വഖഫ് ഭേദഗതി നിയമത്തിനെതിരെ നിരവധി രാഷ്ട്രീയ പാർട്ടികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. മുസ്‍ലിം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ആർജെഡി, മുസ്‍ലിം ലീഗ്, ഡിഎംകെ, സമസ്ത തുടങ്ങിയവയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി, ആം ആദ്മി പാര്‍ട്ടി എംഎൽഎ അമാനത്തുല്ല ഖാൻ എന്നിവരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഭേദഗതി നടപ്പാക്കിയാൽ ഉണ്ടാകാൻ പോവുന്ന ദോഷങ്ങളെക്കുറിച്ചും ആഘാതങ്ങളെക്കുറിച്ചും കോടതിയെ ബോധ്യപ്പെടുത്താനാണ് ഹരജിക്കാർ ഒരുങ്ങുന്നത്. പ്രതിപക്ഷ എതിർപ്പ് അവഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബിൽ കഴിഞ്ഞ ശനിയാഴ്ച അർധരാത്രി രാഷ്ട്രപതി ഒപ്പിട്ടതോടെയാണ് നിയമമായത്.