വിജയിയെ പിന്തുണക്കുന്നതിൽ നിന്ന് മുസ്‍ലിംകൾ പിന്മാറണം; ‘ഫത്‍വ’യുമായി മോദി അനുകൂലിയായ ഷഹാബുദീൻ റസ്‌വി ബറേൽവി
വഖഫ് ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം വിജയ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു
ലഖ്നൗ: നടൻ വിജയിക്കെതിരെ ‘ഫത്‍വ’യിറക്കി മോദി അനുകൂലിയും ഓൾ ഇന്ത്യ മുസ്‍ലിം ജമാഅത്ത് എന്ന സംഘടനയുടെ പ്രസിഡന്റുമായ മൗലാനാ മുഫ്തി ഷഹാബുദീൻ റസ്‌വി ബറേൽവി. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ള ഷഹാബുദ്ദീന്റെ പ്രസ്താവനകൾ പലപ്പോഴും പരിഹാസ്യമാവുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച് ഇദ്ദേഹം നേരത്തെ രംഗത്തെത്തിയിരുന്നു. അഖണ്ഡ ഭാരതം യാഥാർഥ്യമാക്കാൻ ഇരു നേതാക്കളും മുന്നിട്ടിറങ്ങണമെന്ന് മാസങ്ങൾക്ക് മുൻപ് ഷഹാബുദ്ദീൻ റസ്‌വി ആവശ്യപ്പെട്ടിരുന്നു.
അതിനിടയിലാണ് നടനും തമിഴക വെട്രി കഴകം പാർട്ടി പ്രസിഡന്റുമായ വിജയിക്കെതിരെ പുതിയ ‘ഫത്‍വ’യുമായി ഷഹാബുദ്ദീൻ രംഗത്തെത്തിയിരിക്കുന്നത്. വിജയിയെ പിന്തുണക്കുന്നതിൽ നിന്ന് മുസ്‍ലിംകൾ പിന്മാറണമെന്നാണ് എഎൻഐയോട് പറഞ്ഞത്. സിനിമകളിൽ വിജയ് മുസ്‍ലിംകളെ തീവ്രവാദികളാക്കുന്നു. മദ്യപാനികളെയും ചൂതാട്ടക്കാരെയും ഇഫ്താർ വിരുന്നുകളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്ന താരത്തെ മുസ്‍ലിംകൾ പിന്തുണക്കരുത്.
വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും മുസ്‍ലിംകളുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ സിനിമകളിൽ മുസ്‍ലിംകൾ തീവ്രവാദികളാണെന്നും, ഇഫ്താർ വിരുന്നുകളിൽ മദ്യപാനികളെയും ചൂതാട്ടക്കാരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഫത്‍വയെന്ന് അദ്ദേഹം പറഞ്ഞു.
റക്രിക്കറ്റ് കളിക്കിടെ വെള്ളം കുടിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിമർശിച്ച ഷഹാബുദ്ദീൻ രംഗത്തെത്തിയിരുന്നു. കളിക്കിടെ വെള്ളം കുടിച്ചതിന് മുഹമ്മദ് ഷമിക്കെതിരെ വലിയ സൈബർ ആക്രമണം നടക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് റസ്‌വി ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. റമദാനിൽ വ്രതമെടുക്കാതെ വെള്ളം കുടിച്ച ഷമി വലിയ കുറ്റവാളിയാണ് എന്നായിരുന്നു റസ്‌വി പറഞ്ഞത്. വ്രതമെടുക്കാത്ത ഷമി കുറ്റം ചെയ്തുവെന്നും ഇതിന് ദൈവത്തോട് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പുതുവത്സരാഘോഷം മതവിരുദ്ധമാണെന്നും വിശ്വാസികൾ ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നുമായിരുന്നു കുറച്ചുനാൾ മുമ്പ് വന്ന 'ഫത്‌വ'. ഇദ്ദേഹത്തിന്റെ ആഹ്വാനം സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും സോഷ്യൽ മീഡിയ ഹാൻഡിലുകളും വിവാദമാക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വാർത്താ ഏജൻസിയായ 'ഐഎഎൻഎസി'നോട് സംസാരിക്കുന്നതിനിടെയാണ് അഖണ്ഡ ഭാരത സ്വപ്‌നങ്ങൾ പങ്കുവച്ചത്. 'കേന്ദ്രത്തിൽ ബിജെപി സർക്കാരാണു ഭരിക്കുന്നത്. ഡൽഹിയിൽനിന്ന് പ്രധാനമന്ത്രി മോദിയും യുപിയിൽ യോഗി ആദിത്യനാഥും നല്ല ഭരണത്തിലൂടെ ആഗോള പ്രശംസ ഏറ്റുവാങ്ങുകയാണ്. അഖണ്ഡ ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ കഴിവുള്ള രണ്ടു മഹദ് വ്യക്തികളാണു രണ്ടുപേരും. ആ വഴിയിൽ വേണ്ട നടപടികളിലേക്ക് ഇരുവരും കടക്കണമെന്നായിരുന്നു അഭിമുഖത്തിൽ റസ്‌വി ആവശ്യപ്പെട്ടത്.
ഫത്‍വകളെന്ന പേരിൽ പലപ്പോഴും ഷഹാബുദ്ദീൻ പറയുന്നത് സംഘ്പരിവാർ അനുകൂല മാധ്യമങ്ങൾ വലിയ വാർത്തയാക്കാറുണ്ട്. സോഷ്യൽ മീഡിയയിലും വിദ്വേഷ പ്രചാരണത്തിനും അദ്ദേഹത്തിന്റെ പരാമർശങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തു. എബിപി ന്യൂസ്, ആജ് തക്, റിപബ്ലിക് ഭാരത് ഉൾപ്പെടെയുള്ള ദേശീയ ചാനലുകളാണ് ഷഹാബുദ്ദീൻ റസ്‌വിയുടെ ആഹ്വാനം വാർത്തയാക്കി. ഓപ്ഇന്ത്യ ഉൾപ്പെടെയുള്ള സംഘ്പരിവാർ അനുകൂല ന്യൂസ്‌പോർട്ടലുകളുമാണ് ആദ്യം ഇദ്ദേഹത്തിന്റെ ‘ഫത്‍വകൾ’ വാർത്തയാക്കാറുള്ളത്.