'പ്രിയപ്പെട്ട അങ്കിൾ, നിങ്ങള്‍ ചെയ്യുന്നത് വളരെ വലിയ തെറ്റാണ്. എല്ലാ തരത്തിലും നിങ്ങളുടെ ഭരണം പരാജയമാണ്'; സ്റ്റാലിനെതിരെ ആഞ്ഞടിച്ച് വിജയ്
ഡിഎംകെയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയ്‍യുടെ മധുരയിലെ പ്രസംഗം
മധുര: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് എതിരെയുള്ള പ്രധാന ശക്തിയായിരിക്കും തങ്ങള്‍ എന്ന് പ്രഖ്യാപിച്ച് ടിവികെ നേതാവും നടനുമായ വിജയ്. ഡിഎംകെയുടെ 'വിഷമയമായ' ഭരണത്തില്‍ നിന്നുള്ള വഴിത്തിരിവായിരിക്കും അടുത്ത തെരഞ്ഞെടുപ്പെന്ന് പറഞ്ഞ അദ്ദേഹം 2026-ലെ തെരഞ്ഞെടുപ്പില്‍ ടിവികെ സ്വതന്ത്രമായി മത്സരിക്കുമെന്ന സൂചനകള്‍ നല്‍കി.
ഡിഎംകെയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയ്‍യുടെ മധുരയിലെ പ്രസംഗം. ഡിഎംകെയും ബിജെപിയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ വിജയ് എഐഎഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ മാറ്റം വരുത്തി ബിജെപിക്കൊപ്പം ചേര്‍ന്നതിനെയും വിമര്‍ശിച്ചു. തങ്ങളുടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിസ്സഹായരായ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ഉന്നം വച്ചായിരുന്നു താരത്തിന്‍റെ പ്രസംഗം. സ്ത്രീസുരക്ഷയിലെ വീഴ്ചയെയും സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളും ചൂണ്ടിക്കാട്ടി. സ്റ്റാലിനെ അമ്മാവന്‍ എന്ന് വിളിച്ചുകൊണ്ടാണ് വിജയ് സംസാരിച്ചത്. '' തമിഴ്‌നാട്ടിലെ സ്ത്രീകള്‍ നമ്മുടെ മുഖ്യമന്ത്രിയെ 'അപ്പാ' എന്ന് വിളിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ അവരുടെ 'തായ്മാമന്‍' (അമ്മയുടെ സഹോദരന്‍) ആണ്. എന്റെ ചോദ്യം സ്റ്റാലിന്‍ അമ്മാവനോടാണ്; പ്രിയപ്പെട്ട അമ്മാവാ, നിങ്ങള്‍ ചെയ്യുന്നത് വളരെ വലിയ തെറ്റാണ്. എല്ലാ തരത്തിലും നിങ്ങളുടെ ഭരണം പരാജയമാണ്'' - സ്റ്റാലിന്‍റെ ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വിമര്‍ശിച്ചുകൊണ്ട് ടിവികെ നേതാവ് പറഞ്ഞു.
''നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കാനോ, അതോ മുസ്‍ലിം വിഭാഗങ്ങളെ വേട്ടയാടാനോ'' - വിജയ് ചോദിച്ചു. എന്നാല്‍, വോട്ട് ചോരി വിവാദം, 30 ദിവസം കസ്റ്റഡിലാകുന്ന മന്ത്രിമാരുടെ സ്ഥാനം നഷ്ടമാകുന്ന ബില്‍ തുടങ്ങിയവയെക്കുറിച്ചൊന്നും വിജയ് പരാമര്‍ശിച്ചില്ല.
ടിവികെയിലെ പരിചിതമായ ഏകമുഖം വിജയ് ആണെന്ന വിമര്‍ശനത്തിനും അദ്ദേഹം മറുപടി നല്‍കി. '' 234 സീറ്റുകളിലും ഞാന്‍ മത്സരിക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ. 234 സീറ്റിലും മത്സരിക്കും, അത് പക്ഷേ നിങ്ങളുടെ ഓരോരുത്തരുടെയും വീട്ടില്‍ നിന്നുള്ളവരാകാം. അവര്‍ക്ക് കിട്ടുന്ന ഒരോ വോട്ടും എനിക്കുള്ളത് തന്നെയാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''താരപദവി ഉപയോഗിച്ച് രാഷ്ട്രീയത്തില്‍ വന്നതല്ല ഞാന്‍. കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട് എന്നെ ഞാനാക്കി മാറ്റിയ ജനങ്ങളെ സേവിക്കാനുള്ള മാര്‍ഗമായാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. നമ്മുടെ വിജയത്തിലൂടെ എനിക്കെതിരേയുള്ള എല്ലാ വിമര്‍ശനങ്ങള്‍ക്കും ഞാന്‍ മറുപടി നല്‍കും. ടിവികെ ജനങ്ങളുടെ നിലയ്ക്കാത്ത ശബ്ദമായിരിക്കും. ജനങ്ങള്‍ക്കായി പോരാടുന്ന ശക്തിയായി നമ്മള്‍ മാറും. ടിവികെയുടെ രാഷ്ട്രീയം സത്യമാണ്, വൈകാരികമാണ്. അവിടെ ജനങ്ങളുടെ ഉന്നമനത്തിനാണ് പ്രാധാന്യം. സ്ത്രീകളുടെയും കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷയ്ക്ക് നാം മുന്‍ഗണന നല്‍കും. 1967-ലും 1977-ലും ഡിഎംകെയും എഐഎഡിഎംകെയും അധികാരത്തിലെത്തിയതുപോലെ 2026-ലെ തെരഞ്ഞടുപ്പില്‍ ടിവികെ അധികാരത്തിലെത്തും'' വിജയ് കൂട്ടിച്ചേര്‍ത്തു.
മധുരയില്‍ നടന്ന പാര്‍ട്ടിയുടെ സമ്മേളനത്തില്‍ നാല് ലക്ഷത്തിലേറെ വരുന്ന ജനങ്ങള്‍ക്ക് മുന്നില്‍ 33 മിനിറ്റോളം വിജയ് പ്രസംഗിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും യുവാക്കളും സ്ത്രീകളുമായിരുന്നു. 2026-ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയ് മധുര(ഈസ്റ്റ്)യില്‍ നിന്ന് മത്സരിക്കുമെന്നാണ് വിവരം.