Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: നിമിഷപ്രിയയുടെ മോചന ശ്രമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങളെ മൂന്ന് ദിവസത്തേക്ക് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. മോചന ശ്രമത്തില്‍ നിന്ന് ഇടപെടുന്നതില്‍ നിന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാരെയും ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന സുവിശേഷകനാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയ കെ.എ പോള്‍. ഹരജിയില്‍ സുപ്രിംകോടതി അറ്റോര്‍ണി ജനറലിനോട് നിലപാട് തേടി. ഇത് നിമിഷപ്രിയയുടെ ആവശ്യമാണെന്ന കെ.എ പോള്‍ സുപ്രിംകോടതിയിൽ അവകാശപ്പെട്ടു.
ഓഗസ്റ്റ് 24നോ 25നോ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നും കെ.എ പോള്‍ സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരായി അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ പണപ്പിരിവ് നടത്തിയതിന് കെ.എ പോളിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഫാക്ട് ചെക്ക് നടത്തിയിരുന്നു. പണപ്പിരിവിൽ കെ.എ പോളിനെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പോളിൻ്റെ ഹരജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.