ദിവസവും പത്ത് മണിക്കൂറോളം പബ്ജി കളി, സ്കൂളിൽ പോകാൻ പോലും മടി; സഹികെട്ട് രക്ഷിതാക്കൾ ഫോൺ വാങ്ങിവച്ചതിന് പിന്നാലെ പത്താം ക്ലാസുകാരൻ ജീവനൊടുക്കി

ഗെയിം കളിക്കാന്‍ സാധിക്കാതെ വന്നതോടെ അസ്വസ്ഥനായ കുട്ടി മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു

Update: 2025-08-22 09:26 GMT
Editor : Jaisy Thomas | By : Web Desk

തെലങ്കാന: ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് അടിമയായ പത്താം ക്ലാസുകാരൻ രക്ഷിതാക്കള്‍ ഫോണ്‍ വാങ്ങിവെച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ നിര്‍മല്‍ ജില്ലയില്‍ ബേദി റിഷേന്ദ്ര എന്ന വിദ്യാര്‍ഥിയാണ് വ്യാഴാഴ്ച ജീവനൊടുക്കിയത്. തുടര്‍ച്ചയായി ഗെയിം കളിക്കാറുള്ള കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ മൂന്നുദിവസം മുന്‍പ് ഫോണ്‍ വാങ്ങിവെച്ചത്. തുടര്‍ന്ന്, ഗെയിം കളിക്കാന്‍ സാധിക്കാതെ വന്നതോടെ അസ്വസ്ഥനായ കുട്ടി മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

റിഷേന്ദ്ര ദിവസവും പത്ത് മണിക്കൂറിലേറെ പബ്ജി കളിക്കാറുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്ലാസുള്ള ദിവസങ്ങളില്‍ ഗെയിം കളിക്കാന്‍ സമയം തികയാതെ വരുന്നതിനാല്‍ കുട്ടി സ്‌കൂളില്‍ പോകാന്‍ പോലും വിസമ്മതിച്ചിരുന്നു. സൈകാട്രിസ്റ്റിന്റെയും ന്യൂറോസര്‍ജന്റെയും അടുത്ത് കൗണ്‍സലിങ്ങിനായി മകനെ എത്തിച്ചിരുന്നെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. എന്നാല്‍, ഡോക്ടറുടെ നേരേ പ്രകോപിതനാകുന്ന അവസ്ഥയിലേക്കും കുട്ടി എത്തിയിരുന്നു.

Advertising
Advertising

ഈയിടെ പബ്ജിയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ച് റെയില്‍വേ ട്രാക്കിലിരുന്ന് ഗെയിം കളിച്ച മൂന്ന് കുട്ടികള്‍ ബിഹാറില്‍ ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ഹൈദരാബാദില്‍ വാഹനമോടിച്ചുകൊണ്ടിരിക്കെ കാബ് ഡ്രൈവര്‍ ഗെയിം കളിക്കുന്ന വീഡിയോ യാത്രക്കാരന്‍ പകര്‍ത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു കൈയില്‍ ഫോണ്‍ പിടിച്ച് ഗെയിം കളിച്ച ഇയാള്‍ പലപ്പോഴും ഗെയിമില്‍ മുഴുകി ഇരുകൈയും സ്റ്റിയറിങ്ങില്‍ നിന്ന് മാറ്റിയാണ് വാഹനമോടിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News