പാഴ്സല്‍ ബോക്സിലെ കാമുകിയുടെ അഡ്രസ് പാരയായി; മാലിന്യം ഉപേക്ഷിച്ച യുവാവിനെ കയ്യോടെ പൊക്കി അധികൃതര്‍,1000 രൂപ പിഴയും
സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിലാണ് ഒരാള്‍ തന്‍റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ചത്
ബംഗളൂരു: വീടിന് പുറത്ത് മാലിന്യം ഉപേക്ഷിച്ച യുവാവിനെ കൈയോടെ പൊക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അധികൃതര്‍.മാലിന്യക്കൂമ്പാരത്തിനുള്ളിൽ യുവാവിന്‍റെ കാമുകിയുടെ വിലാസത്തില്‍ വന്ന പാഴ്സല്‍ ബോക്സാണ് അധികൃതര്‍ക്ക് തെളിവായത്. മാലിന്യം ഉപേക്ഷിച്ച യുവാവിന് 1,000 രൂപ പിഴയും അധികൃതര്‍ ചുമത്തി. സാമൂഹ്യമാധ്യമമായ റെഡ്ഡിറ്റിലാണ് ഒരാള്‍ ബംഗളൂരുവിലെ തന്‍റെ സുഹൃത്തിനുണ്ടായ അനുഭവം പങ്കുവെച്ചത്.
'ആഴ്ചയില്‍ രണ്ടുതവണയാണ് മാലിന്യ ശേഖരണം നടക്കുന്നത്. തന്‍റെ സുഹൃത്താകട്ടെ വിമാനയാത്രയുടെ തിരക്കും..മാലിന്യം വീട്ടിനുള്ളില്‍ സൂക്ഷിക്കേണ്ടെന്ന് കരുതി അവന്‍ കറുത്ത കവറില്‍ കെട്ടി പുറത്ത് വെച്ചു. പതിവുപോലെ മാലിന്യം ശേഖരിക്കാന്‍ വരുന്നവര്‍ അത് എടുത്തുകൊള്ളും എന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്തത്.എന്നാല്‍ ആ കവറിനുള്ളില്‍ കാമുകിയുടെ വിലാസത്തില്‍ വന്ന ഒരു പാഴ്സല്‍ ബോക്സുണ്ടായിരുന്നു ആ ബോക്സിലെ അഡ്രസില്‍ അന്വേഷണം നടത്തിയാണ് മാലിന്യം ഉപേക്ഷിച്ച സുഹൃത്തിനെ ബിബിഎംപി അധികൃതര്‍ കണ്ടെത്തിയത്. ഒരാഴ്ചക്ക് ശേഷം അതിരാവിലെ ബിബിഎംപി മാർഷലുകൾ വീടിന്‍റെ വാതില്‍ മുട്ടി. മാലിന്യം റോഡില്‍ തള്ളിയതിന് 1,000 രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.മാത്രവുമല്ല, സുഹൃത്തിന്‍റെ കാമുകിയുടെ പേരടക്കം അവര്‍ പറഞ്ഞത് തങ്ങളെ ഞെട്ടിച്ചെന്നും' റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. പാതി ഉറക്കത്തിലായിരുന്നിട്ടുപോലും പിഴത്തുക അടച്ചെന്നും പോസ്റ്റിലുണ്ട്.
ഭാവിയിൽ കൂടുതൽ ശ്രദ്ധാലുവും ഉത്തരവാദിത്തവുമുള്ളവനായിരിക്കാൻ ഈ സംഭവം തങ്ങളെ പഠിപ്പിച്ചുവെന്നും യുവാവ് പറയുന്നു. സംഭവത്തില്‍ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. ബിബിഎംപിയുടെ നടപടിയെ ചിലര്‍ പ്രശംസിക്കുകയും ചെയ്തു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും ഇതുപോലെ ശക്തമായ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. ഡെലിവറി പാക്കറ്റുകളിലെ വിലാസമടങ്ങിയ ഭാഗം നശിപ്പിച്ചില്ലെങ്കില്‍ ഇത്തരം പണികള്‍ കിട്ടുമെന്ന് ചിലര്‍ തമാശ രൂപേണ പ്രതികരിക്കുകയും ചെയ്തു.