ചികിത്സാ പിഴവ് മൂലം നവജാത ശിശു മരിച്ചെന്ന് പരാതി; മൃതദേഹം സഞ്ചിയിലാക്കി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തി പിതാവ്
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയിലാക്കി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തി പിതാവ്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പരാതി. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരിക അല്ലെങ്കിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുക എന്നതാണ് തന്റെ ആവശ്യമെന്ന് ഇയാൾ പറഞ്ഞു.
താന ഭിര പ്രദേശത്തെ നൗസർ ജോഗി ഗ്രാമവാസിയായ വിപിൻ ഗുപ്തയാണ് മൃതദേഹവുമായി എത്തിയത്. മഹേവഗഞ്ചിലെ ഗോൾഡർ ആശുപത്രിയിലായിരുന്നു വിപിന്റെ ഭാര്യ റൂബിയെ പ്രവേശിപ്പിച്ചത്. പ്രസവസമയത്ത് റൂബിയുടെ ആരോഗ്യം വഷളായി. ഉടൻ തന്നെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെറ്റായ മരുന്ന് നൽകിയതിനാലാണ് കുഞ്ഞ് ഗർഭപാത്രത്തിൽ മരിച്ചതെന്നാണ് ഇവിടത്തെ ഡോക്ടർമാർ പറഞ്ഞത്.
സിഎംഒ ഡോ. സന്തോഷ് ഗുപ്ത, എസ്ഡിഎം അശ്വിനി കുമാർ, സിറ്റി കോട്‌വാൾ ഹേമന്ത് റായ് എന്നിവർ വിപിനുമായി ചർച്ച നടത്തി. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് സിഎംഒ അറിയിച്ചു.