'ശരിയായ ഉത്തരം പറഞ്ഞിട്ടും തല്ലി'; ഫിസിക്സ് അധ്യാപകനെ ഒമ്പതാം ക്ലാസുകാരന്‍ വെടിവെച്ചു,അറസ്റ്റ്
ടിഫിന്‍ ബോക്സില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന തോക്കെടുത്താണ് വെടിവെച്ചതെന്ന് പൊലീസ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കാശിപൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അധ്യാപകനെ വെടിവെച്ചു.രണ്ടുദിവസം മുന്‍പ് തന്നെ അടിച്ചതിന്‍റെ പ്രതികാരമായാണ് വിദ്യാര്‍ഥി അധ്യാപകനെ വെടിവെച്ച് പരിക്കേല്‍പ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഗുരുനാനാക്ക് സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.വെടിയേറ്റ് ഫിസിക്സ് അധ്യാപകനായ ഗഗന്‍ സിംഗ് കോഹ്‌ലിക്ക് തോളിന് പരിക്കേറ്റിട്ടുണ്ട്.അധ്യാപകന്‍റെ പരാതിയില്‍ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...
രണ്ടുദിവസം മുന്‍പ് ക്ലാസില്‍ ചോദ്യം ചോദിച്ചതിന് ഉത്തരം പറയാത്ത വിദ്യാര്‍ഥിയെ അധ്യാപകനായ ഗഗന്‍ സിംഗ് കോഹ്‌ലി അടിച്ചിരുന്നു.വ്യാഴാഴ്ച ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അധ്യാപകനെ തന്‍റെ ലഞ്ച് ബോക്സില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന തോക്കെടുത്താണ് വിദ്യാര്‍ഥി വെടിവെച്ചത്. നാടന്‍ തോക്ക് കൊണ്ടായിരുന്നു വെടിവെച്ചത്. വെടിയൊച്ച കേട്ട് വിദ്യാര്‍ഥികളും അധ്യാപകരും പരിഭ്രാന്തരായി.പരിക്കേറ്റ അധ്യാപകനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. വെടിയുണ്ട വിജയകരമായി നീക്കം ചെയ്തെന്നും അധ്യാപകന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നുംം ഡോക്ടര്‍മാര്‍ അറിയിച്ചു.
ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറ്തത് വന്നിട്ടുണ്ട്. അധ്യാപകന്‍ ചോദിച്ച ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കിയിട്ടും തന്നെ തല്ലിയെന്നും ഇതിന്‍റെ പ്രതികാരത്തിലാണ് വെടിവെച്ചതെന്നുമാണ് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പ്രതിഷേധ സൂചകമായി വ്യാഴാഴ്ച എല്ലാ സിബിഎസ്ഇ, അംഗീകൃത സ്വകാര്യ സ്കൂളുകളും അടച്ചിട്ടു. സ്കൂളുകളില്‍ ശക്തമായ സുരക്ഷാ പ്രോട്ടോക്കോളുകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരുടെ മാര്‍ച്ചും നടന്നു.