യുപി മൊറാദാബാദിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള ബാൻഡ് സംഘങ്ങൾ ഹിന്ദു പേരുകൾ ഉപയോഗിക്കുന്നതിന് വിലക്ക്

അഭിഭാഷകനായ ഷവി സിങ് സിഎം പോർട്ടലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെടൽ

Update: 2025-08-22 10:38 GMT

ബറേലി: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ബാൻഡ് സംഘങ്ങൾ ഹിന്ദു പേരുകൾ ഉപയോഗിക്കുന്നതിന് വിലക്ക്. മൊറാദാബാദ് നഗരത്തിൽ ചെറുതും വലുതുമായ 500ൽ കൂടുതൽ ബാൻഡ് സംഘങ്ങളുണ്ട്. ഇതിൽ 20 ഓളം പ്രമുഖ ബാൻഡുകൾ മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ളതാണ്.

മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ബാൻഡുകൾ ഹിന്ദു പേരുകൾ ഉപയോഗിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് അഭിഭാഷകനായ ഷവി സിങ് ജൂലൈ ഒമ്പതിന് സിഎം പോർട്ടലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെടൽ.

''സിഎം പോർട്ടലിൽ ലഭിച്ച പരാതിയുട അടിസ്ഥാനത്തിൽ ബാൻഡ് ഉടമകളുടെ യോഗം വിളിച്ചു. ബാൻഡുകളുടെ പേര് മാറ്റണമെന്ന് ഔദ്യോഗികമായി ഉത്തരവിടാൻ ഞങ്ങൾക്ക് അധികാരമില്ല. അതുകൊണ്ട് ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തി ചർച്ച നടത്തി. ഞങ്ങളുടെ നിർദേശം അംഗീകരിച്ച് പേര് മാറ്റാൻ തയ്യാറാണെന്ന് മുസ്‌ലിം ബാൻഡ് ഉടമകൾ സമ്മതിച്ചു. പുതിയ പേരിലായിരിക്കും ഇനി ബുക്കിങ് സ്വീകരിക്കുക. നിലവിലുള്ള ബുക്കിങ്ങുകളിൽ പഴയ പേര് തുടരും''- മൊറാദാബാദ് എസ്പി കുമാർ രൺവിജയ് സിങ് പറഞ്ഞു.

Advertising
Advertising

തനിക്ക് മുസ്‌ലിംകളുടെ വിശ്വാസത്തോട് ഒരു പ്രശ്‌നവുമില്ലെന്നും അവർ അവരുടെ ഐഡന്റിറ്റി വ്യക്തമാക്കി ബിസിനിസ് ചെയ്യട്ടെയെന്നും പരാതിക്കാരനായ ഷവി സിങ് പറഞ്ഞു. മുസ്‌ലിം ഹോട്ടലുടമകൾ അവരുടെ പേര് വെളിപ്പെടുത്തണമെന്ന് യുപി സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബാൻഡ് ഉടമകളും ഇത് ചെയ്യണമെന്നാണ് താൻ ആവശ്യപ്പെട്ടത്.

പേര് മാറ്റാനുള്ള നിർദേശം തങ്ങളുടെ ബിസിനസിനെ സാരമായി ബാധിക്കുമെന്ന് ഒരു മുസ്‌ലിം ബാൻഡ് ഉടമ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. തങ്ങളുടെ ബിസിനസിന്റെ 70 ശതമാനവും ഹിന്ദു വിവാഹങ്ങളിൽ നിന്നാണ്. സംഗീതത്തിന്റെയും വിനോദത്തിന്റെയും മേഖലയിലേക്ക് വിദ്വേഷം കടത്തിവിടാനാണ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മുസ്‌ലിമായതുകൊണ്ട് ആരും തങ്ങളെ വിളിക്കാത്ത സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ കാവഡ് യാത്രക്കിടെ മുസ് ലിംകളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ ഹിന്ദു പേരുകൾ ഉപയോഗിക്കുന്നതിനെതിരെ ഹിന്ദുത്വ സംഘടനകൾ രംഗത്ത് വന്നിരുന്നു. മുസഫർ നഗറിൽ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ഒരു മുസ് ലിം ഹോട്ടൽ ഉടമയുടെ വസ്ത്രമഴിച്ച് ഐഡന്റിറ്റി പരിശോധിക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News