വിവാഹം കഴിക്കാൻ സമ്മർദം ചെലുത്തി; യുപി മുൻ ഗ്രാമത്തലവൻ കാമുകിയെ ഏഴ് കഷണങ്ങളാക്കി വെട്ടിനുറുക്കി കിണറ്റിൽ തള്ളി
കൊലപാതകത്തിന് സഹായിച്ച മൂന്നാമത്തെയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു
ഝാൻസി: വിവാഹം കഴിക്കാൻ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് മുന്‍ ഗ്രാമത്തലവൻ കാമുകിയ ഏഴ് കഷണങ്ങളാക്കി വെട്ടിനുറുക്കി കിണറ്റിൽ തള്ളി. ടികാംഗഡി സ്വദേശിയും വിധവയുമായ രച്ന യാദവാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഝാൻസിയിലാണ് സംഭവം. കേസിൽ മുൻ ഗ്രാമത്തലവനെയും അനന്തരവനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് സഹായിച്ച മൂന്നാമത്തെയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വിവാഹം കഴിക്കാൻ കൊല്ലപ്പെട്ട യുവതി മുൻ ഗ്രാമമുഖ്യനായ സഞ്ജയ് പട്ടേലിനെ നിരന്തരം സമ്മര്‍ദം ചെലുത്തിയിരുന്നു. സഞ്ജയും അനന്തരവൻ സന്ദീപ് പട്ടേലും ചേര്‍ന്ന് ഝാൻസിയിലെ കിഷോർപുര ഗ്രാമത്തിൽ വെച്ചാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ഏഴ് കഷണങ്ങളാക്കി ചാക്കുകളിലാക്കി കിണറ്റിലും പാലത്തിന് സമീപത്തായും തള്ളുകയായിരുന്നു.
ആഗസ്റ്റ് 13ന് ഗ്രാമത്തിലെ കര്‍ഷകൻ തന്‍റെ കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോൾ കിണറ്റിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്നാണ് കേസ് വെളിച്ചത്തുവരുന്നത്. പരിശോധനയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ രണ്ട് ചാക്കുകൾ കണ്ടെത്തുകയും സ്ത്രീയുടെ ശരീരഭാഗങ്ങൾ കണ്ടെത്തുകയും ചെയ്തു. പിന്നീട് ഝാൻസി സീനിയർ സൂപ്രണ്ട് ഓഫ് പൊലീസിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ആഗസ്റ്റ് 17ന് പൊട്ടക്കിണറ്റിൽ നിന്ന് യുവതിയുടെ കൈകൾ കണ്ടെടുത്തു. എന്നാൽ തലയും കാലുകളും കണ്ടെത്താതിരുന്നതിനെ തുടര്‍ന്ന് ആളെ തിരിച്ചറിയാൻ സാധിച്ചില്ല. പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തുകയും ആഗസ്റ്റ് 18ന് ശരീരഭാഗങ്ങൾ സംസ്കരിക്കുകയും ചെയ്തു. കേസന്വേഷണത്തിന്‍റെ ഭാഗമായി നൂറിലധികം ഗ്രാമീണരെ ചോദ്യം ചെയ്യുകയും 200-ലധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
യുവതി ആരാണെന്ന് അറിയാൻ ആയിരക്കണക്കിന് പോസ്റ്ററുകളാണ് വിതരണം ചെയ്തത്. പോസ്റ്റര്‍ കണ്ട് രച്ന യാദവിന്‍റെ സഹോദരനാണ് തിരിച്ചറിഞ്ഞത്. ഒരു കേസുമായി ബന്ധപ്പെട്ടാണ് രച്ന സഞ്ജയ് പട്ടേലിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ആഗസ്റ്റ് 8നാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസ് തെളിയിച്ച അന്വേഷണ സംഘത്തിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഒളിവിൽ കഴിയുന്ന കൂട്ടാളി പ്രദീപ് അഹിർവാറിനെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നൽകുമെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.