'ജനങ്ങളുടെ വിജയം': കേന്ദ്രം പ്രഖ്യാപിച്ച ജാതി സെന്‍സസില്‍ ജയ്‌റാം രമേശ്
'സമൂഹത്തിന്റെ എക്‌സ് റേയാണ് ജാതി സെന്‍സസെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കളിയാക്കി ചിരിച്ചുകൊണ്ട് അവഗണിച്ചവരാണ് ഭരണപക്ഷത്തിരിക്കുന്നവര്‍. ഇപ്പോഴിതാ മോദി സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു'
ന്യൂഡല്‍ഹി: ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വിജയമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ്. രാഹുല്‍ ഗാന്ധി ജാതി സെന്‍സസിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ പരിഹസിച്ചവരാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പൊതുപരിപാടികളിലും പാര്‍ലമെന്റിലും രാഹുല്‍ പലതവണ ജാതി സെന്‍സസ് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ എക്‌സ് റേയാണ് ജാതി സെന്‍സസെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കളിയാക്കി ചിരിച്ചുകൊണ്ട് അവഗണിച്ചവരാണ് ഭരണപക്ഷത്തിരിക്കുന്നവര്‍. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള കോടിക്കണക്കിന് ജനതയുടെ ശബ്ദം അധികകാലം അടിച്ചമര്‍ത്താന്‍ കഴിയില്ല. ഇപ്പോഴിതാ മോദി സര്‍ക്കാര്‍ ജാതി സെന്‍സസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഒരിക്കലുമില്ലാതിരിക്കുന്നതിനേക്കാള്‍ ഭേദമാണ് വൈകിയെങ്കിലും നടത്താനുള്ള തീരുമാനം' എന്ന് രമേശ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
സാമൂഹിക നീതി ഉറപ്പാക്കുന്നതിനായുള്ള നിര്‍ണായകമായ ചുവടുവെയ്പ്പാണ് ഈ സെന്‍സസെന്നും സമത്വത്തിനും തുല്യതയ്ക്കും പ്രാതിനിധ്യത്തിനും വേണ്ടി വര്‍ഷങ്ങളായി പോരാടിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിന് ജനതയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് നടത്തിയിട്ടുണ്ടെന്നും എന്നാല്‍ സെന്‍സസ് നടത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന്റേതു മാത്രമാണെന്നും ബുധനാഴ്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അറിയിക്കാനായി നടത്തിയ പത്രസമ്മേളനത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വരാനിരിക്കുന്ന സെന്‍സസില്‍ ജാതി കണക്കെടുപ്പു കൂടി ഉള്‍പ്പെടുത്താന്‍ രാഷ്ടീയ കാര്യ മന്ത്രിസഭാ സമിതി തീരുമാനിച്ചതായും വൈഷ്ണവ് വ്യക്തമാക്കി.
കോണ്‍ഗ്രസ് ജാതി സെന്‍സസിനെ എപ്പോഴും എതിര്‍ക്കുകയാണ് ചെയ്തതെന്നും 2010 ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ മുഴുവന്‍ പാര്‍ട്ടികളും ജാതി സെന്‍സസ് ആവശ്യപ്പെട്ടിട്ടും ജാതി സര്‍വെ മാത്രമാണ് കോണ്‍ഗ്രസ് നടത്തിയതെന്നും വൈഷ്ണവ് ആരോപിച്ചു. രാജ്യം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ജാതി സെന്‍സസ് നടത്തുന്നത് രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഘടനയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യത്തെ ജനങ്ങളുടെ മൂല്യങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.