'അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം': 4പിഎം യൂട്യൂബ് ന്യൂസ് ചാനൽ നിരോധനത്തിനെതിരെ മാധ്യമപ്രവർത്തകരുടെ സംഘടനകൾ
7.3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സുള്ള ചാനൽ ഏപ്രിൽ 29നാണ് നിരോധിച്ചത്
ന്യൂഡല്‍ഹി: 4PMയൂട്യൂബ് ന്യൂസ് ചാനല്‍ ബ്ലോക്ക് ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്നും രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന് അപകടകരമായ കീഴ്‌വഴക്കമാണ് നിരോധനം സൃഷ്ടിക്കുന്നതെന്നും സംഘടനകള്‍ വ്യക്തമാക്കി.
7.3 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്സുള്ള ചാനൽ ഏപ്രിൽ 29നാണ് നിരോധിച്ചത്. 4PM ഉത്തര്‍പ്രദേശ്, 4PM രാജസ്ഥാൻ എന്നിവ ഉൾപ്പെടെ 4PMന് മറ്റ് ആറ് യൂട്യൂബ് ചാനലുകൾ കൂടിയുണ്ട്. ദേശ സുരക്ഷയുമായും പൊതു ക്രമസമാധാനവുമായും ബന്ധപ്പെട്ട സർക്കാരിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് ചാനലിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വനിതാ പ്രസ് കോർപ്സ്, ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ്, പ്രസ് അസോസിയേഷൻ, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ്സ് (ഡൽഹി യൂണിറ്റ്) എന്നിവ ബുധനാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയത്. കേന്ദ്രസര്‍ക്കാര്‍ നീക്കം ജനാധിപത്യ തത്വങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ദുർബലപ്പെടുത്തുന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
''പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ചകള്‍ ചാനല്‍ അടുത്തിടെ സംപ്രേക്ഷണം ചെയ്തു എന്നാണ് അറിയുന്നത്. ഏതൊരു ജനാധിപത്യ രാജ്യത്തും ഉന്നയിക്കേണ്ട ചോദ്യങ്ങളല്ലെ ഇവ. ചോദ്യങ്ങളുടെ പേരില്‍ നിരേധിക്കുക എന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. അഭിപ്രായം സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്''- പ്രസ് ക്ലബ് ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അതേസമയം 4 PM ന്യൂസ് നിരോധിച്ചതിന്റെ മുഴുവൻ കാരണങ്ങളും സർക്കാർ പരസ്യപ്പെടുത്തണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.