സുഹൃത്തുക്കളുമായി ബെറ്റ്; കർണാടകയിൽ വെള്ളം ചേർക്കാതെ അഞ്ച് കുപ്പി മദ്യം കഴിച്ച 21 കാരന് ദാരുണാന്ത്യം

എട്ട് ദിവസം മുൻപാണ് കാർത്തിക്കിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്

Update: 2025-05-01 09:46 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ബെംഗളൂരു: കർണാടകയിൽ വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കഴിച്ച യുവാവിന് ദാരുണാന്ത്യം. സുഹൃത്തുക്കളുമായി പതിനായിരം രൂപക്ക് വെച്ച ബെറ്റിൽ വിജയിക്കാനാണ് 21 കാരനായ കാർത്തിക് മദ്യം കഴിച്ചത്. പിന്നാലെ ആരോഗ്യനില വഷളായ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.

സുഹൃത്തുക്കളോട്  തനിക്ക് വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കഴിക്കാൻ സാധിക്കുമെന്ന് കാർത്തിക് അവകാശപ്പെട്ടിരുന്നു. കുടിച്ച് കാണിച്ചാൽ 10000 രൂപ നൽകാമെന്ന് സുഹൃത്തായ വെങ്കട്ട് റെഡ്ഢി ഇയാളോട് പറയുകയായിരുന്നു. ബെറ്റ് ജയിക്കാനാണ് കാർത്തിക് മദ്യം കഴിച്ച് തുടങ്ങിയത്. കോലാറിലെ മുൽബാഗിലിലുള്ള ആശുപത്രിയിലാണ് ഗുരുതരാവസ്ഥയിൽ കാർത്തിക്കിന്റെ പ്രവേശിപ്പിച്ചത്. എട്ട് ദിവസം മുൻപാണ് കാർത്തിക്കിന്റെ ഭാര്യ കുഞ്ഞിന് ജന്മം നൽകിയത്. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.

യുവാവിന്റെ സുഹൃത്തുക്കളായ വെങ്കട്ട റെഡ്ഡി, സുബ്രഹ്മണി എന്നിവരുൾപ്പെടെ ആറ് പേർക്കെതിരെ നംഗലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, രാജ്യത്ത് ഓരോ വർഷവും ഏകദേശം 2.6 ദശലക്ഷം ആളുകൾ മദ്യപാനം മൂലം മരിക്കുന്നുണ്ട്. ആഗോള തലത്തിൽ ഉണ്ടാകുന്ന മരണങ്ങളുടെ ഏകദേശം 5 ശതമാനമാണിത്.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News