കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കണം; ഉപരാഷ്ട്രപതിക്കെതിരെ സുപ്രിംകോടതിയിൽ ഹരജി
സുപ്രിംകോടതിയിലെ അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹരജി സമർപ്പിച്ചത്
ന്യൂ ഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻഗഡിനെതിരേ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയിൽ ഹരജി. ജഗദീപ് ധൻഘഡ് സുപ്രിംകോടതിയെ ആക്ഷേപിച്ചെന്ന് ഹരജിയിൽ ചൂണ്ടികാട്ടുന്നു. സുപ്രിംകോടതിയിലെ അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഹരജി സമർപ്പിച്ചത്.
നിയമനടപടിയുമായി മുന്നോട്ട് പോകാൻ അറ്റേർണി ജനറലിന് ഹരജിക്കാരൻ നേരത്തേ അപേക്ഷ നൽകിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനം വൈകിക്കുന്നതിനാലാണ്, നേരിട്ട് സുപ്രിംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. സുപ്രിംകോടതിയുടെ അധികാരപരിധിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉപരാഷ്ട്രപതി നടത്തിയ പരാമർശങ്ങൾ വിമർശനത്തിന് കാരണമായിരുന്നു.
പാര്‍ലമെന്റാണ് പരമോന്നതമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, അതിന് മുകളില്‍ ഒരു അധികാര കേന്ദ്രവുമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ജഡ്ജിമാര്‍ സൂപ്പര്‍-പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്നു. പക്ഷേ ഉത്തരവാദിത്തമില്ല എന്ന് ജുഡീഷ്യറിയെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു പുതിയ വിമർശനം. പാര്‍ലമെന്റ് പരമോന്നതമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിച്ചതിനെതിരെയും ഉപരാഷ്ട്രപതി വിമർശനം ഉന്നയിച്ചിരുന്നു. ‘നിയമ നിര്‍മാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ട്, രാജ്യത്തെ നിയമം അവര്‍ക്ക് ബാധകമല്ലാത്തതിനാല്‍ അവര്‍ക്ക് ഉത്തരവാദിത്തമില്ല''- ഇങ്ങനെയായിരുന്നു ജഗദീപ് ധൻഖഡ് നേരത്തെ പ്രതികരിച്ചത്.
ഇതിന് പിന്നാലെ ബിജെപി നേതാക്കളും സുപ്രിം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.