എൻസിഇആർടി പാഠപുസ്തകങ്ങളുടെ പരിഷ്‌കാരങ്ങൾ; അക്കാദമിക രംഗത്തെ കാവിവത്കരണ നടപടി: എസ്‌ഐഒ
ഇന്ത്യൻ സമൂഹത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തിയ ഡൽഹി സുൽത്താനേറ്റിനെയും മുഗൾ കാലഘട്ടത്തെയും പൂർണമായി ഇല്ലായ്മ ചെയ്യുന്നത് ചരിത്ര യാഥാർഥ്യത്തോടുള്ള തികഞ്ഞ ആക്രമണമാണെന്ന് എസ്‌ഐഒ ദേശീയ സെക്രട്ടറി ഡോ.റോഷൻ മുഹിയുദ്ദീൻ പറഞ്ഞു.
ന്യൂഡൽഹി: പുതുക്കിയ എൻസിഇആർടി പാഠപുസ്തകങ്ങളിലൂടെ നടപ്പിലാക്കുന്ന വ്യക്തമായ കാവിവത്കരണ ശ്രമങ്ങൾ ചരിത്രത്തിന്റെ വക്രീകരണമാണെന്നും അക്കാദമിക രംഗത്തെ കാവിവത്കരണത്തെ ശക്തമായി ചെറുക്കണമെന്നും എസ്‌ഐഒ ദേശീയ സെക്രട്ടറി ഡോ.റോഷൻ മുഹിയുദ്ദീൻ.
ഇന്ത്യൻ സമൂഹത്തെയും സംസ്‌കാരത്തെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തിയ ഡൽഹി സുൽത്താനേറ്റിനെയും മുഗൾ കാലഘട്ടത്തെയും പൂർണമായി ഇല്ലായ്മ ചെയ്യുന്നത് ചരിത്ര യാഥാർഥ്യത്തോടുള്ള തികഞ്ഞ ആക്രമണമാണ്. ഇന്ത്യയുടെ വൈവിധ്യമാർന്ന ചരിത്രത്തെ സന്തുലിതമായി ചേർക്കുന്നതിന് പകരം പുതിയ പാഠപുസ്തക പരിഷ്‌കരണങ്ങളിലൂടെ ചാർധാം യാത്ര, ജ്യോതിർലിംഗ, ശക്തിപീഠ എന്നീ ഹിന്ദു തീർഥാടന കേന്ദ്രങ്ങളെ അവതരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതോടൊപ്പം, ജാതി- വർണ വ്യവസ്ഥയെ സാമൂഹിക സ്ഥിരതയുടെ ഉറവിടമായി അവതരിപ്പിച്ചുള്ള ആഖ്യാനങ്ങൾ വഴി ജാതിവ്യവസ്ഥയെ ന്യായീകരിക്കുകയും ബ്രിട്ടീഷ് കൊളോണിയലിസത്തിനും മുന്നേ നൂറ്റാണ്ടുകൾ നിലനിന്ന ക്രൂരമായ അടിച്ചമർത്തലുകളെ വിസ്മരിക്കുകയും ചെയ്യുകയാണ്.
അക്കാദമിക പരിഷ്‌കരണകൾ എന്ന പേരിൽ നടക്കുന്ന ഈ മാറ്റങ്ങൾക്കു പിന്നിൽ നവീകരണമല്ല ലക്ഷ്യം, വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കുന്നതിനും ചരിത്രത്തെ വളച്ചൊടിക്കുന്നതിനും വലതുപക്ഷ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര താത്പര്യങ്ങൾക്ക് അനുസൃതമായി ഒരു തലമുറയെ വാർത്തെടുക്കുന്നതിനുമുള്ള ബോധപൂർവമായ ശ്രമത്തിന്റെയും ഭാഗമാണ്. ചരിത്ര വിദ്യാഭ്യാസത്തിനെതിരെയുമുള്ള ഈ സംഘടിത നശീകരണ ശ്രമത്തിനെതിരെ പ്രതിരോധം തീർക്കാൻ വിദ്യാർത്ഥികളോടും അധ്യാപകരോടും ചരിത്രകാരന്മാരോടും ചിന്തിക്കുന്ന പൗരന്മാരോടും എസ്‌ഐഒ ആഹ്വാനം ചെയ്തു.