ജാതി സെൻസസ്; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കൂടുതൽ പ്രതിപക്ഷ പാർട്ടികൾ
ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇൻഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു
ഡൽഹി: രാജ്യത്ത് പൊതുസെന്‍സസിനൊപ്പം ജാതി കണക്കെടുപ്പ് നടത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് കൂടുതൽ പ്രതിപക്ഷ പാർട്ടികൾ.ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇൻഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു.സെന്‍സസ് എപ്പോള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്‍റെ ദേശീയ നയത്തിനൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജാതി സെന്‍സസ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് തെലങ്കാനയാണെന്നും ഇന്ത്യ തെലങ്കാനയെ പിന്തുടരുന്നതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പറഞ്ഞു.
രാജ്യത്ത് പൊതുസെൻസസിനൊപ്പം ജാതി കണക്കെടുപ്പ് നടത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം. മന്ത്രിസഭായോഗത്തിന് ശേഷം മന്ത്രി അശ്വിനി വൈഷ്ണവാണ് തീരുമാനം അറിയിച്ചത്. സംസ്ഥാനങ്ങൾ ജാതി സർവെയാണ് നടത്തിയതെന്നും സെൻസസ് നടത്താൻ കേന്ദ്രത്തിനാണ് അധികാരമെന്നും അശ്വിന് വൈഷ്ണവ് പറഞ്ഞു. ജാതി സെൻസസ് നടത്തണമെന്നാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ബിഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രത്തിന്‍റെ തിരക്കിട്ട നീക്കം .