Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയവര്‍ക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം. രാജ്യം ഭീകരതയ്‌ക്കെതിരെ പോരാടുന്ന സമയത്ത് ഉത്തരവാദിത്വം കാണിക്കണം. സേനയുടെ മനോവീര്യത്തെ ബാധിക്കുന്ന ഒന്നും പാടില്ലെന്നും നിര്‍ദേശിച്ച കോടതി ഹരജി പിന്‍വലിക്കാന്‍ അനുവദിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഫതേഷ് സാഹു എന്നയാള്‍ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണം, നിലവിലെ അന്വേഷണത്തിന് പുറമെ സുപ്രിംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിമാരെകൊണ്ട് കേസ് അന്വേഷിപ്പിക്കണം എന്നായിരുന്നു ഹരജിക്കാരന്റെ പ്രധാനപ്പെട്ട ആവശ്യം.
ജഡ്ജിമാരുടെ ചുമതല തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുകയാണെന്നും അന്വേഷണം നടത്തുകയല്ലെന്നും കോടതി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഹരജി നല്‍കിയതെന്ന് ഹരജിക്കാരന്‍ കോടതിയോട് പറഞ്ഞു. രാജ്യം കടന്നു പോകുന്ന സാഹചര്യം മനസിലാക്കണമെന്നും ഹരജി പിന്‍വലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി.