ഒഡീഷയിൽ മൂന്നംഗസംഘം തീകൊളുത്തിയ പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവ്; മകൾ സ്വയം തീകൊളുത്തിയതാണെന്ന് പിതാവ്
കുടുംബത്തിന്റെ മൊഴിയിലുണ്ടായ മാറ്റത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്
ന്യൂഡൽഹി: ഒഡിഷയിലെ 15 കാരിയുടെ മരണത്തിൽ വഴിത്തിരിവ്. മകൾ സ്വയം തീകൊളുത്തിയതാണെന്നും ആർക്കും പങ്കില്ലെന്നുമാണ് കുടുംബം പറയുന്നത്. മകൾ ജീവനൊടുക്കിയത് മാനസിക സമ്മർദ്ദം മൂലമാണെന്ന് വീഡിയോ സന്ദേശത്തിൽ പിതാവ് പറഞ്ഞു. മൂന്ന് പേർ ചേർന്ന് തീകൊളുത്തിയെന്നായിരുന്നു എഫ്‌ഐആർ അടക്കമുള്ള റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം 19നായിരുന്നു പെൺകുട്ടിക്ക് നേരെയുള്ള ആക്രമണം. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിക്കു നേരെയാണ് ആക്രമണമുണ്ടായത്. 75 ശതമാനം പൊള്ളലേറ്റ പെൺകുട്ടി 14 ദിവസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് കുട്ടി മരണപ്പെട്ടത്.
കൃത്യം നടത്തിയ ശേഷം കുറ്റവാളികൾ സ്ഥലത്തുനിന്ന് രക്ഷപെട്ടുവെന്നായിരുന്നു റിപ്പോർട്ട്. ഒഡീഷയിൽ സംഭവം വൻ വിവാദമായിരുന്നു. കേസിൽ കുട്ടിയുടെ സുഹൃത്തുക്കളെയടക്കം ചോദ്യം ചെയ്തിരുന്നെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ കുടുംബത്തിന്റെ മൊഴിയിലുണ്ടായ മാറ്റത്തിൽ വിവിധ രാഷ്ട്രീയപാർട്ടികൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.