Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: വെള്ളപൊക്കമുണ്ടായാല്‍ എന്ത് ചെയ്യണം... കൂടുതല്‍ ചിന്തിക്കേണ്ട ആവശ്യമില്ല. എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ ഗംഗ നദിയില്‍ നിന്നും വെള്ളം കവിഞ്ഞൊഴുകി വെള്ളപൊക്കമുണ്ടായിട്ടും ചന്ദ്രദീപ് നിഷാദ് ഭയപ്പെട്ടില്ല.
വീടിന്റെ പടിവരെ വെള്ളം ഇരച്ചുകയറിയിട്ടും അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. പ്രയാഗ് രാജിലെ തന്റെ വീട്ടിലേക്ക് വെള്ളം കയറിയപ്പോള്‍ അവിടെ നിന്നും പ്രാര്‍ത്ഥന നടത്തുകയാണ് ഉത്തര്‍പ്രദേശ് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രദീപ് നിഷാദ് ചെയ്തത്.
കനത്ത മഴയില്‍ ഗംഗ നദിയും യമുന നദിയും കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് പ്രയാഗ് രാജിലെ വീടുകള്‍ വെള്ളത്തിനടിയിലായത്. വെള്ളപൊക്കത്തില്‍ പത്തോളം പ്രദേശങ്ങളിലാണ് വെള്ളം കയറിയത്.
വെള്ളപ്പൊക്കത്തില്‍ മുങ്ങിയ തന്റെ വീട്ടുവാതില്‍ക്കല്‍ പൂക്കളും പാലും ഉപയോഗിച്ച് ആരതി നടത്തുന്ന യുപി പൊലീസിന്റെ വിഡിയോ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വീട്ടിലേക്ക് ഇരച്ചുകയറിയ വെള്ളത്തില്‍ പാല്‍ അഭിഷേകം നടത്തി പ്രാര്‍ത്ഥിക്കുന്ന ചന്ദ്രദീപ് നിഷാദിന്റെ വീടിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
' ഇന്ന് ഞാന്‍ ഡ്യൂട്ടിക്ക് പോകുന്നില്ല. ഗംഗാ മാതാവ് ഞങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തി. പ്രാര്‍ത്ഥനകള്‍ നടത്തി ഞങ്ങള്‍ പൂജിക്കുകയാണ്,' സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിഡിയോയില്‍ അദ്ദേഹം കുറിച്ചു.
മറ്റൊരു വീഡിയോയില്‍ വീട്ടിലെ വെള്ളത്തില്‍ നീന്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അദ്ദേഹത്തെ കാണാം. നിരവധിയാളുകളാണ് വിഡിയോക്ക് താഴെ കമന്റ് ചെയ്ത് രംഗത്ത് എത്തിയത്. വിഡിയോക്ക് സമീശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
പ്രളയമാണെന്ന് തിരിച്ചറിഞ്ഞ് വീട്ടില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കാന്‍ നിരവധിയാളുകളാണ് കമന്റ് ചെയ്യുന്നത്. വിഡിയോയെ പരിഹസിച്ചും ആളുകള്‍ രംഗത്തെത്തുന്നുണ്ട്.