Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: മാലേഗേവ് സ്‌ഫോടനക്കേസ് കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്ന് കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട പ്രജ്ഞാ സിങ് ഠാക്കൂര്‍. രാജ്യദ്രോഹത്തിന് വിചാരണ ചെയ്യണമെന്നും പ്രജ്ഞാ സിങ് പറഞ്ഞു. കുറ്റവിമുക്തയായ പ്രജ്ഞാ സിങ്ങിന് ഉജ്ജ്വല സ്വീകരണമാണ് ഭോപ്പാലില്‍ ലഭിച്ചത്.
തന്നെയും കൂടെയുള്ള മറ്റെല്ലാ പ്രതികളെയും വെറുതെ വിട്ടത് 'കാവി ഭികരത' ഉയര്‍ത്താന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണെന്നും ഭോപ്പാല്‍ മുന്‍ എംപി പ്രജ്ഞാ സിങ് പറഞ്ഞു. പാര്‍ട്ടിയുടെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ കേസില്‍ കാവി ഭീകരത സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അവര്‍ പറഞ്ഞു.
'മുസ്‌ലീംങ്ങളെ പ്രീണിപ്പിക്കാനുള്ള രാഷ്ട്രീയമാണ് കോണ്‍ഗ്രസ് എപ്പോഴും സ്വീകരിച്ചത്. അതിനായ് ഹിന്ദുക്കളെ അവര്‍ പീഡിപ്പിച്ചു. അവരെ ജയിലില്‍ അടക്കുകയും കള്ളക്കേസ് ചുമത്തുകയും ചെയ്തു. അവര്‍ അതിനെ കാവി ഭീകരത എന്നും ഹിന്ദുത്വ ഭീകരതയെന്നും വിളിച്ചു. അത്തരമൊരു ചിന്താഗതിയാണ് കോണ്‍ഗ്രസിനുള്ളത്. ഇത് അവരുടെ ഗൂഢാലോചനയാണ്,' പ്രജ്ഞാ സിങ് ഠാക്കൂര്‍ പറഞ്ഞു.
കേണല്‍ പ്രസാദ് പുരോഹിത്, പ്രജ്ഞാ സിങ് അടക്കം ഏഴുപ്രതികളെയും മുംബെയിലെ എന്‍ ഐ എ പ്രത്യേക കോടതി വ്യാഴ്ചയാണ് വെറുതെ വിട്ടത്. 2008 സെപ്റ്റംബര്‍ 29നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്തായി സ്ഫോടനമുണ്ടായത്.
ജനത്തിരക്കേറിയ മേഖലയില്‍ മോട്ടോര്‍സൈക്കിളില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി ആറുപേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്.