തേജസ്വി യാദവ് വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ വോട്ടർ ഐഡി വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; അന്വേഷണത്തിനായി കൈമാറാൻ നിർദേശം
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന തേജസ്വിയുടെ ആരോപണം കമ്മീഷൻ തള്ളിയിരുന്നു.
ന്യൂഡൽഹി: ആർജെഡി നേതാവ് തേജസ്വി യാദവ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ഉയർത്തിക്കാട്ടിയ വോട്ടർ ഐഡി കാർഡ് വ്യാജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന തേജസ്വിയുടെ ആരോപണം കമ്മീഷൻ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനായി വോട്ടർ ഐഡി കൈമാറണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
'204-ാം നമ്പർ പോളിങ് സ്‌റ്റേഷനിൽ 416-ാം വോട്ടറായി നിങ്ങളുടെ പേരുണ്ട്. നിങ്ങളുടെ വോട്ടർ ഐഡി നമ്പർ RAB0456228 ആണ്. വാർത്താസമ്മേളനത്തിൽ നിങ്ങൾ പറഞ്ഞ വോട്ടർ ഐഡി നമ്പർ RAB2916120 ആണ്. പ്രാഥമിക അന്വേഷണത്തിൽ ഈ നമ്പറിലുള്ള ഐഡി കാർഡ് കമ്മീഷൻ നൽകിയിട്ടില്ല എന്നാണ് കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിനായി വാർത്താസമ്മേളനത്തിൽ നിങ്ങൾ കാണിച്ച ഐഡി കാർഡ് കൈമാറണമെന്ന് അഭ്യർഥിക്കുന്നു'- തേജസ്വിക്ക് നൽകി നോട്ടീസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തേജസ്വി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയെന്നാണ് കമ്മീഷൻ പറയുന്നത്. എന്നാൽ ഇപ്പോൾ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ വോട്ടറുടെ അഡ്രസോ, ബൂത്ത് നമ്പറോ വോട്ടർ ഐഡി നമ്പറോ ഇല്ല. അതുകൊണ്ട് തന്നെ ആരൊക്കെയാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് കണ്ടെത്താൻ തങ്ങൾക്ക് കഴിയുന്നില്ലെന്നും തേജസ്വി പറഞ്ഞിരുന്നു.