Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: സനാതന ധര്‍മത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി ശരത് പവാര്‍ വിഭാഗം എംഎല്‍എ ജിതേന്ദ്ര അവാദ്. സനാതന ധര്‍മം ഇന്ത്യയെ നശിപ്പിച്ചുവെന്ന് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. സതാതന ധര്‍മം എന്ന പേരില്‍ ഒരിക്കലും ഒരു മതവും ഇവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജിവേന്ദ്ര അവാദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഛത്രപതി ശിവജി മഹാരാജാവിന്റെ പട്ടാഭിഷേകം നിഷേധിച്ചതിനും ഛത്രപതി സംഭാജി മഹാരാജിനെ അപകീര്‍ത്തിപ്പെടുത്തിയതിനും സനാതന ധര്‍മമാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'അവര്‍ സാവിത്രിഭായ് ഫൂലൈയ്ക്ക് നേരെ ചാണകവും മാലിന്യവും എറിഞ്ഞു. ഷാഹു മഹാരാജിനെ കൊല്ലാം സനാതന ധര്‍മത്തിന്റെ പേരിലാണ് ഗൂഢാലോചന നടത്തിയത്. ഡോ.ബി.ആര്‍ അംബേദ്കറിനെ വെള്ളം കുടിക്കാനോ സ്‌കൂളില്‍ പോകാനോ സനാതന ധര്‍മത്തിന്റെ പേരില്‍ അനുവദിച്ചില്ല. അംബേദ്കര്‍ സനാതന ധര്‍മത്തെ എതിര്‍ത്തു.
അദ്ദേഹം മനുസ്മൃതിയേയും അതിന്റെ പാരമ്പര്യത്തെയും എതിര്‍ത്തു,' ജിതേന്ദ്ര അവാദ് പറഞ്ഞു. സനാതന ധര്‍മത്തെയും അതിന്റെ പ്രത്യായശാസ്ത്രത്തെയും വികൃതമെന്ന് വിളിക്കാന്‍ ആളുകള്‍ മടിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.