ധർമ്മസ്ഥലയിലെ ദുരൂഹമരണങ്ങളുടെ മറനീക്കാനൊരുങ്ങി നേർസാക്ഷി; തിങ്കളാഴ്ച എസ്ഐടിക്ക് വിശദ മൊഴി നൽകുമെന്ന് ടി.ജയന്ത്

‘15 വർഷം മുമ്പ് ഒരു പെൺകുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച തന്റെ മനസ്സിനെ വിടാതെ വേട്ടയാടുന്നുണ്ട്. പോസ്റ്റ്‌മോർട്ടം പോലും ഇല്ലാതെ ഏതോ മൃഗത്തി​ന്റെ ജഡം കണക്കേയാണ് ആ മൃതദേഹം സംസ്‌കരിച്ചത്’

Update: 2025-08-03 07:35 GMT
Advertising

മംഗളൂരു: ധർമ്മസ്ഥലയിൽ നടമാടിയ കൂട്ട ശവസംസ്കാര ഭീകരത അനാവരണം ചെയ്യാൻ സന്നദ്ധനായി നേർസാക്ഷി രംഗത്ത്. എസ്ഐടി സാന്നിധ്യം പകരുന്ന നിർഭയ സാഹചര്യം പ്രയോജനപ്പെടുത്തി തിങ്കളാഴ്ച തനിക്കറിയാവുന്ന ക്രൂരതകൾ പ്രത്യേക അന്വേഷണ സംഘം മുമ്പാകെവിശദീകരിക്കുമെന്ന് നാട്ടുകാരനായ ടി.ജയന്ത് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് പിന്നാലെ കൂടുതൽ പേർ വെളിപ്പെടുത്തലുമായി രംഗത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നടന്ന സംഭവങ്ങളുടെ ചെറിയ ഒരു ഭാഗം മാത്രമാണ് മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തയതെന്ന് ജയന്ത് തുടർന്നു. പരാതിയുമായി എസ്‌ഐടിയെ സമീപിച്ച ജയന്തിനെ ഞായാറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച വിശദ മൊഴിയെടുക്കാൻ ഹാജരാവാൻ നിർദേശിക്കുകയായിരുന്നു.

15 വർഷം മുമ്പ് ധർമ്മസ്ഥല ഗ്രാമത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കൈകാര്യം ചെയ്ത കാഴ്ച തന്റെ മനസ്സിനെ വിടാതെ വേട്ടയാടുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങളോ പൊലീസ് ഇടപെടലോ പോസ്റ്റ്‌മോർട്ടമോ ഇല്ലാതെ ഏതോ മൃഗത്തി​ന്റെ ജഡം കണക്കേയാണ് ആ മൃതദേഹം സംസ്‌കരിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ‘പെൺകുട്ടിയുടെ മൃതദേഹം ഞാൻ നേരിട്ട് കണ്ടു. അത് ആശുപത്രിയിലേക്ക് കൊണ്ടുപോയില്ല, എഫ്‌ഐആർ ഫയൽ ചെയ്തില്ല, പോസ്റ്റ്‌മോർട്ടം നടത്തിയില്ല. മൃതദേഹം രഹസ്യമായി സംസ്‌കരിച്ചു, ഇത് സ്ഥിരീകരിക്കുന്ന വിശ്വസനീയമായ വിവരങ്ങൾ എനിക്കുണ്ട്. അതാണ് ഞാൻ പ്രാഥമികമായി എസ്‌ഐടിക്ക് റിപ്പോർട്ട് ചെയ്തത്," അദ്ദേഹം പറഞ്ഞു.

നേരത്തെ പല വേദികളിലും താൻ ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെങ്കിലും ഭീതിയിലായിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ എസ്‌ഐടി രൂപവത്കരിക്കുകയും കേസിൽ പൊതുജനശ്രദ്ധ വർധിക്കുകയും ചെയ്തതോടെ തനിക്ക് സുരക്ഷിതത്വം തോന്നുന്നു . ഇത് ഔദ്യോഗികമായി പരാതി നൽകാൻ പ്രചോദനമായി."അന്ന് ഭയം ഉണ്ടായിരുന്നു - തിരിച്ചടി നേരിടുമോ എന്ന ആധി. നിശബ്ദരാക്കപ്പെടുമോ എന്ന ആശങ്ക. പക്ഷേ ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ട്. എസ്‌ഐടി നമ്മളിൽ പലർക്കും സംസാരിക്കാൻ ധൈര്യം പകരുന്നു. നീതി നടപ്പാക്കാനുള്ള എസ്ഐടി കഴിവിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്," ജയന്ത് പറഞ്ഞു. സ്വന്തം മരുമകൾ പത്മലതക്ക് സംഭവിച്ച ദുരന്ത വേളയിൽ പോലും പേടി കാരണം

ഇതുപോലെ തുറന്ന് സംസാരിക്കാൻകഴിഞ്ഞിരുന്നില്ല. എസ്ഐടി നൽകുന്ന ആത്മധൈര്യമുണ്ടല്ലോ അത് വളരെ വലുതാണ്. പത്മലതക്ക് എന്ത് സംഭവിച്ചു? അവരുടെ കേസിന്റെ കാര്യം അറിയാവുന്നവരും മുന്നോട്ട് വരാൻ തയ്യാറായവരുമായ ആളുകളുണ്ട്. അവർ എസ്‌ഐടിയോട് സംസാരിക്കും എന്നാണ് പ്രതീക്ഷ. അഞ്ചോ ആറോ വ്യക്തികൾ കൂടി തങ്ങൾക്കറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാനും പരാതികൾ നൽകാനും തയ്യാറെടുക്കുന്നുണ്ട്. ഭീഷണിക്ക് വഴങ്ങാത്ത പിതാവിനെ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയാണ് പത്മലത. 1986ലായിരുന്നു ആ സംഭവം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പത്മലതയുടെ പിതാവ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പത്മലതയുടെ പിതാവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ധര്‍മ്മസ്ഥലയില്‍ മത്സരിക്കുന്നതില്‍ വലിയ എതിര്‍പ്പുണ്ടായി. നിമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന ഭീഷയിയുണ്ടായിരുന്നു. പഠനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന പത്മലതയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. 53 ദിവസത്തിനു ശേഷമാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്ന പത്മലതയുടെ അസ്ഥികൂടം മാത്രമായ മൃതദേഹം കിട്ടിയത്. കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ കിട്ടാതെ കേസ് എഴുതിത്തള്ളുകയായിരുന്നു. ഈ കേസ് അന്വേഷിക്കണം എന്ന ആവശ്യം ബന്ധുക്കൾ എസ്ഐടി മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

1995 നും 2014നും ഇടയിലെ കൂട്ട മൃതദേഹ സംസ്കരണം സംബന്ധിച്ചാണ് മുൻ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തൽ നടത്തിയത്. അയാൾക്കൊപ്പം സഞ്ചരിച്ച് എസ്ഐടി അടയാളപ്പെടുത്തിയ 13 സ്പോട്ടുകളിലേക്ക് ഖനനം നീങ്ങുന്നുണ്ട്. എന്നാൽ പത്മലത, സൗജന്യ, അനന്യ ഭട്ട് എന്നിവരുടെ കൊലപാതകങ്ങൾ സംബന്ധിച്ച് മാത്രമാണ് ബന്ധുക്കൾ പരാതിയുമായി ഇതുവരെ രംഗത്തുള്ളത്.മണിപ്പാൽ മെഡിക്കൽ കോളജ് എംബിബിഎസ് വിദ്യാർഥിനി 22 വർഷം മുമ്പ് സുഹൃത്തുക്കൾക്കൊപ്പം ധർമ്മസ്ഥലയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെടുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് പരാതിയുമായി വീണ്ടും രം​ഗത്തെത്തിയിട്ടുണ്ട്. ബെൽത്തങ്ങാടിയിൽ നിന്നുള്ള 17 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനി 2012 ഒക്ടോബറിലാണ് ക്രൂരമായി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും (സിഐഡി) സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) നിരവധി അന്വേഷണങ്ങൾ നടത്തിയിട്ടും, അവളുടെ കൊലയാളിയെ കണ്ടെത്താനായിട്ടില്ല.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News