അവിഹിതബന്ധം സംശയം; യുപിയിൽ ഭാര്യയെ ചുറ്റിക കൊണ്ടടിച്ച് കൊന്ന് 55കാരൻ
നോയ്ഡ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് 42കാരിയായ അസ്മ ഖാൻ.
ലഖ്നൗ: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി ഭർത്താവ്. യുപിയിലെ നോയ്ഡ സെക്ടർ 15ലാണ് സംഭവം. 55കാരനായ നൂറുല്ല ഹൈദർ എന്നയാളാണ് ഭാര്യ അസ്മ ഖാനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ ചുറ്റികയെടുത്ത് ഭാര്യയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. നോയ്ഡ സെക്ടർ 62ലെ ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് 42കാരിയായ അസ്മ ഖാൻ. ജാമിഅ മില്ലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ അസ്മ മുമ്പ് ഡൽഹിയിലായിരുന്നു താമസം.
ബിഹാർ സ്വദേശിയും നിലവിൽ തൊഴിൽരഹിതനുമായ പ്രതിയും ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്. 2005ൽ വിവാഹിതരായ ഇരുവർക്കും ഒരു മകനും മകളുമുണ്ട്. മകൻ എഞ്ചിനീയറിങ് വിദ്യാർഥിയും മകൾ എട്ടാം ക്ലാസ് വിദ്യാർഥിനിയുമാണ്. മകനാണ് കൊലപാതകത്തെ കുറിച്ച് പൊലീസിന്റെ എമർജൻസി റെസ്പോൺസ് നമ്പരായ 112ൽ വിളിച്ച് വിവരമറിയിച്ചത്.
'വിവരം കിട്ടിയ ഉടനെ പൊലീസ്, ഫൊറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി. പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അസ്മ ഖാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയയ്ക്കുകയും ചെയ്തു. തുടർ അന്വേഷണങ്ങൾ നടന്നുവരികയാണ്'- ഡിവൈഎസ്പി റമ്പാൻ സിങ് പറഞ്ഞു.
ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഹൈദർ സംശയിച്ചിരുന്നതായും ഇതാണ് കൊലയ്ക്ക് കാരണമെന്നുമാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തൽ. ദമ്പതികൾ തമ്മിൽ ദിവസങ്ങളായി വഴക്കായിരുന്നെന്നും എന്നാൽ ഇത്തരമൊരു ആക്രമണം തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ബന്ധു പറഞ്ഞു.