എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ പിബിയിൽ ധാരണ
പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കും ഇളവ്
മധുര: എം.എ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയാക്കാൻ പിബിയിൽ ധാരണ. അന്തിമ തീരുമാനം ഇന്ന് കേന്ദ്ര കമ്മിറ്റിയിലുണ്ടാകും. അതേസമയം, ബേബിയെ ബംഗാൾ ഘടകവും അശോക് ധവ് ളയും പിബിയിൽ എതിർത്തു. കെ.കെ ശൈലജ പിബിയിൽ എത്താൻ സാധ്യത കുറവാണെന്നാണ് വിവരം.
പ്രായപരിധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമായിരിക്കും ഇളവുണ്ടാകാൻ സാധ്യത. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തിൽനിന്ന് ആരൊക്കെ വരും എന്നതും സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ നിർണായകമാണ്. പുതിയ പാനൽ തയ്യാറാക്കാൻ രാവിലെ 9 മണിക്ക് കേന്ദ്ര കമ്മിറ്റി യോഗം ചേരും.
പിബി കോഡിനേറ്റർ ആയ പ്രകാശ് കാരാട്ടിന് 75 വയസ്സ് കഴിഞ്ഞിട്ടുണ്ട്.നിലവിലെ പാർട്ടി മാനദണ്ഡപ്രകാരം 75 വയസ്സ് കഴിഞ്ഞാൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ കഴിയില്ല.അങ്ങനെയെങ്കിൽ പിബിയിൽ നിന്ന് ഒഴിയുന്നത് ആറ് നേതാക്കളായിരിക്കും. പിബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, തമിഴ്നാട് മുന്‍ സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവർക്കാണ് 75 വയസ് കഴിഞ്ഞത്. ഇതിൽ പിണറായി വിജയന് മാത്രമായിരിക്കും ഇളവ് ഉണ്ടാവുക.രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയിൽ ആയിരിക്കും പിണറായി വിജയന് ഇളവ് നൽകുക.
ജനറൽ സെക്രട്ടറി ആര് എന്നത് സംബന്ധിച്ച് രാവിലെയോടെ നേതൃത്വത്തിൽ ധാരണയുണ്ടാകും. എം.എ ബേബിയുടെ പേരിനാണ് പ്രഥമ പരിഗണന.അശോക് ധവ്ള, ബി.വി രാഘവുലു ,നിലോൽപൽ ബസു, തപൻ സെൻ എന്നീ പേരുകളും പരിഗണനയിലുണ്ടായിരുന്നു. വിജു കൃഷ്ണനും യു. വാസുകിയും കെ ഹേമലതയും പിബിയിൽ എത്താൻ സാധ്യതയുണ്ട്. കേരളത്തിൽനിന്ന് ഒരാളെ കൂടി പരിഗണിക്കുകയാണെങ്കിൽ കെ.കെ ശൈലജ, ഇ.പി ജയരാജൻ എന്നിവരാണ് പരിഗണനയിലുള്ളത്. എം.ബി രാജേഷ്, ടി.പി രാമകൃഷ്ണന്‍, കെ.കെ രാഗേഷ്, പി.കെ സൈനബ, ജെ. മേഴ്സിക്കുട്ടിയമ്മ, ടി.എൻ സീമ, പി.കെ ബിജു, പി.എ മുഹമ്മദ് റിയാസ്, എ
ന്നിവരിൽ ചിലർക്ക് കേന്ദ്ര കമ്മിറ്റിയിലേക്ക് സാധ്യതയുണ്ട്. എകെ ബാലനും, പി.കെ ശ്രീമതിയും പ്രായപരിധിയുടെ പേരില് കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിയും.