സംഘർഷം; ജെഎൻയുവിൽ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് നടപടി നിർത്തിവച്ചു

ഈ മാസം 25നാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്

Update: 2025-04-18 17:07 GMT
Advertising

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാമ്പസിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അന്തിമ സ്ഥാനാർത്ഥി പട്ടികയും മരവിപ്പിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു.

ഈ മാസം 25നാണ് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. വിദ്യാർഥി സംഘടനകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടപടി നിർത്തിവച്ചിരിക്കുന്നത്. കാമ്പസിലെ സമാധാന അന്തരീക്ഷം ഉറപ്പാക്കിയ ശേഷം മാത്രമേ നടപടി പുനരാരംഭിക്കുകയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി വ്യക്തമാക്കി.

സംഘർഷം ഉണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്നും കാമ്പസ് അധികൃതരോട് തെരഞ്ഞെടുപ്പ് കമ്മിറ്റി ആവശ്യപ്പെട്ടു . തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ കൃത്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ വീഴ്ചവരുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി കുറ്റപ്പെടുത്തി.

അതേസമയം, ഇടത് വിദ്യാര്‍ഥി സംഘടനകൾ തമ്മിലുള്ള ഭിന്നതയെ തുടർന്ന് ഇത്തവണ എസ്എഫ്ഐ - ഐസ സഖ്യമുണ്ടാകില്ല . ഐസയും ഡിഎസ്എഫും സഖ്യമായാണ് മത്സരിക്കുന്നത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News