പ്രാഥമിക അന്വേഷണം പോലുമില്ലാതെ യുവാവിനെ ആറുവർഷം ജയിലിലിട്ടു; ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ യുപി സർക്കാരിനോട് സുപ്രിംകോടതി

2019 ഒക്ടോബറിൽ ആഗ്ര ജില്ലയിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്

Update: 2026-10-26 12:34 GMT

ന്യൂഡൽഹി: കൃത്യമായ അന്വേഷണമോ തെളിവുകളോ ഇല്ലാതെ നിരപരാധിയായ യുവാവിനെ ആറുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിലടച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. മനഃപൂർവം കെട്ടിച്ചമച്ച കഥയുടെ പേരിൽ അന്യായമായി തടവിലടയ്ക്കപ്പെട്ട യുവാവിന് ഒരു മാസത്തിനകം ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി യുപി സർക്കാരിനോട് ഉത്തരവിട്ടു. ഉത്തരവിട്ട കാലാവധിക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ പ്രതിവർഷം 18 ശതമാനം പലിശ സഹിതം നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Advertising
Advertising

തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിൽ ആറുവർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് വിചാരണക്കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്. പൊലീസിന്റെ അലക്ഷ്യമായ അന്വേഷണവും പ്രോസിക്യൂഷന്റെ നിരുത്തരവാദപരമായ നടപടികളും നീതിന്യായ വ്യവസ്ഥയോടുള്ള കൊടും വഞ്ചനയാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സ്വന്തം ഉദ്യോഗസ്ഥരെ കൃത്യമായി അന്വേഷണം നടത്താൻ പഠിപ്പിക്കണമെന്ന് യുപി പൊലീസിനെ കോടതി ഉപദേശിക്കുകയും ചെയ്തു.

കെട്ടിച്ചമച്ച കഥയിൽ ഇല്ലാതായത് ജീവിതത്തിലെ ആറുവർഷങ്ങൾ

കേവലം അനുമാനങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ കെട്ടിച്ചമച്ച കഥയുടെ പേരിൽ ഒരു മനുഷ്യന്റെ ജീവിതത്തിലെ ആറുവർഷങ്ങളാണ് ഇല്ലാതായത്. പ്രാഥമികമായ രീതിയിൽ പോലും ഈ കേസിൽ അന്വേഷണം നടന്നിട്ടില്ലെന്ന് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എഴുതിയ വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ശരിയായ അന്വേഷണം നടക്കാത്ത പക്ഷം ഒരു പൗരന്റെ ജീവനും വ്യക്തിസ്വാതന്ത്ര്യവും എങ്ങനെ അപകടത്തിലാകും എന്നതിന് വ്യക്തമായ തെളിവാണിതെന്നും ബെഞ്ച് വ്യക്തമാക്കി.

കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാളെ നിരപരാധിയായി കാണണമെന്നിരിക്കെ, പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി ഓർമിപ്പിച്ചു. കുറ്റപത്രം നൽകി ശിക്ഷ ഉറപ്പാക്കുക എന്നത് മാത്രമല്ല അന്വേഷണ ഏജൻസികളുടെ ദൗത്യം. ഇരയ്ക്കും പരാതിക്കാരനും ഒപ്പം പ്രതികൾക്കും നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത്തരം നീതികേടുകൾ പലപ്പോഴും മുന്നിൽവരാറുണ്ടെങ്കിലും, വ്യവസ്ഥിതിയുടെ തന്നെ ഇരയായി മാറിയ ഈ കേസിലെ പ്രതിക്ക് നഷ്ടപരിഹാരം നൽകേണ്ടത് അനിവാര്യമാണെന്ന് സുപ്രിംകോടതി പറഞ്ഞു.

എഫ്‌ഐആറിലോ പരാതിയിലോ പേരില്ല; അടിസ്ഥാനമില്ലാത്ത തെളിവുകൾ

2019 ഒക്ടോബറിൽ ആഗ്ര ജില്ലയിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 2019 നവംബർ 14 മുതൽ ഇയാൾ ജയിലിലായിരുന്നു. 2026 മാർച്ചിൽ യുവാവ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ച സുപ്രിംകോടതി, ദീർഘകാല തടവും കേസ് സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചുള്ളതാണെന്നതും കണക്കിലെടുത്ത് മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകി. തുടർന്നാണ് വിചാരണക്കോടതി ഇയാളെ പൂർണമായും കുറ്റവിമുക്തനാക്കിയത്.

തുടർന്ന് കേസിലെ വിധിന്യായത്തിന്റെ പകർപ്പ് വിളിച്ചുവരുത്തി പരിശോധിച്ച സുപ്രിംകോടതി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. പ്രഥമ വിവര റിപ്പോർട്ടിലോ (എഫ്‌ഐആർ) സിആർപിസി 161 പ്രകാരം രേഖപ്പെടുത്തിയ പരാതിക്കാരന്റെ മൊഴിയിലോ ഇയാളുടെ പേരില്ലായിരുന്നു. സഹപ്രതിയുടെ കുറ്റസമ്മത മൊഴിയുടെയും വ്യക്തതയില്ലാത്ത സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് യുവാവിനെ കേസിൽ ഉൾപ്പെടുത്തിയത്.

വിചാരണയ്ക്കിടെ സഹപ്രതി മരണപ്പെടുകയും മറ്റൊരു പ്രതി ഒളിവിൽ പോകുകയും ചെയ്തതോടെ വിചാരണ നേരിട്ട ഏക പ്രതി ഈ യുവാവായിരുന്നു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾക്ക് വ്യക്തതയില്ലായിരുന്നുവെന്നും ഇവ ഇന്ത്യൻ തെളിവു നിയമത്തിലെ സെക്ഷൻ 65 ബി പ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതമല്ല കോടതിയിൽ ഹാജരാക്കിയതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കൂടാതെ മോചനദ്രവ്യം ആവശ്യപ്പെട്ടു എന്ന പ്രോസിക്യൂഷന്റെ വാദത്തിന് തെളിവുകളൊന്നുമില്ലെന്നും അത്തരമൊരു പരാതി പൊലീസിന് ലഭിച്ചിട്ടേയില്ലെന്നും കോടതി കണ്ടെത്തി.

ശരിയായ അന്വേഷണ രീതികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്ന നിർദേശത്തോടെ, ഉത്തരവിന്റെ പകർപ്പ് ഉത്തർപ്രദേശ് ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും അയച്ചുനൽകാനും സുപ്രിംകോടതി ഉത്തരവിട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News