നിലപാടുകള്‍ കാരണം സിനിമകള്‍ നഷ്ടപ്പെട്ട് തുടങ്ങിയോ? പ്രകാശ് രാജിൻ്റെ മറുപടി ഇങ്ങനെ...

'ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് എൻ്റെ അഭിനയത്തേക്കാള്‍ കൂടുതല്‍ നിലപാടുകളിലൂടെയാണ്. ഈ രാജ്യത്തിന് നിലപാടുകളാണ് ആവശ്യം. രാജ്യമാണ് പ്രധാനം' -പ്രകാശ് രാജ്

Update: 2026-10-26 07:13 GMT

സംഘ്പരിവാറിന്റെ രൂക്ഷ വിമര്‍ശകനാണ് നടന്‍ പ്രകാശ് രാജ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന്റെ മുന്‍നിരയിലും പ്രകാശ് രാജ് ഉണ്ടായിരുന്നു. സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രകാശ് രാജിനെതിരെ രൂക്ഷമായ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. നിലപാടുകള്‍ കാരണം സിനിമകള്‍ നഷ്ടപ്പെടുന്നുണ്ടോയെന്ന് പ്രകാശ് രാജ് 'മീഡിയവണി'ന് നല്‍കിയ അഭിമുഖത്തില്‍ ചോദ്യമുയര്‍ന്നു. 'നിലപാടുകള്‍ കൊണ്ട് കുറച്ച് സിനിമകള്‍, പണം, ഇതല്ലേ എനിക്ക് നഷ്ടപ്പെടുക. അത് നഷ്ടപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്' എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

Advertising
Advertising

'ഇപ്പോള്‍ എത്ര സിനിമ ചെയ്യണം ഞാന്‍? എല്ലാ ദിവസവും അഭിനയിക്കാന്‍ എനിക്ക് അത്രയ്ക്ക് ആര്‍ത്തിയുണ്ടോ? ഇപ്പോഴുള്ളതിനേക്കാള്‍ വലിയ നടനാകണമെന്നുണ്ടോ? ഇപ്പോഴുള്ളതിനേക്കാള്‍ വലിയ പേര് വേണമെന്നുണ്ടോ? ഇപ്പോള്‍ ഞാനൊരു മനുഷ്യനാണ്. ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് എന്റെ അഭിനയത്തേക്കാള്‍ കൂടുതല്‍ നിലപാടുകളിലൂടെയാണ്. ഈ രാജ്യത്തിന് നിലപാടുകളാണ് ആവശ്യം. രാജ്യമാണ് പ്രധാനം. നിലപാടുകളുടെ പേരില്‍ എനിക്കെന്താണ് നഷ്ടപ്പെടാന്‍ പോകുന്നത്? സിനിമയോ? പണമോ? അങ്ങനെയെങ്കില്‍ അത് നഷ്ടപ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്.

ഞാന്‍ തുറന്നുപറയാം. പണം ഞാന്‍ സമ്പാദിച്ചിട്ടുണ്ട്. ഈ രാജ്യം എനിക്ക് പണം തന്നിട്ടുണ്ട്. അത്രയേറെ സ്‌നേഹം തന്നിട്ടുണ്ട്. നിങ്ങള്‍ സ്വാതന്ത്ര്യ സമരം മുതല്‍ നോക്കൂ. ഗാന്ധിജി, നെഹ്‌റു, അംബേദ്കര്‍, ഭഗത് സിങ്... ഇവരൊക്കെ എത്രയേറെ ത്യാഗം സഹിച്ചവരാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി. അതിന് മുന്നില്‍ ഇതൊക്കെ എത്ര ചെറുതാണ്. ആരെങ്കിലും ഇതൊക്കെ ചെയ്യേണ്ടേ. എനിക്ക് സംഭവിക്കുന്ന നഷ്ടങ്ങളൊന്നും നഷ്ടങ്ങളായല്ല കാണുന്നത്. കൂടുതല്‍ സ്വതന്ത്രനാവുകയാണ്. ഇത്രയേറെ യാത്ര ചെയ്യുമ്പോള്‍ ക്ഷീണിക്കില്ലേ എന്ന് പലരും ചോദിക്കാറുണ്ട്. ഇല്ല, ഞാന്‍ ജീവിതത്തിന് പുതിയ അര്‍ത്ഥം കണ്ടെത്തുകയാണ്. അത് മറ്റൊരു ഊര്‍ജമാണ് നല്‍കുന്നത്' -പ്രകാശ് രാജ് പറഞ്ഞു.

തന്റെ സാമൂഹിക ഇടപെടലുകളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. കോളജ് കാലം മുതല്‍ താന്‍ സന്നദ്ധപ്രവര്‍ത്തകനായിരുന്നുവെന്നും ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സമയത്ത് അവരുടെ ദൗത്യം തന്നിലേക്ക് വന്നുചേരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ലോകത്തില്‍ ഭരണകൂടം ആരുടെയെങ്കിലും ശബ്ദം ഇല്ലാതാക്കുന്നുവോ, അതിനേക്കാള്‍ ശക്തമായ ശബ്ദം ഉയര്‍ന്നു കേള്‍ക്കപ്പെടും. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ താന്‍ ആ ശബ്ദമായി മാറി.

ഡല്‍ഹിയില്‍ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരമാണെന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്. രാജ്യം എല്ലാ മേഖലയിലും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമമാണ് യുവാക്കള്‍ നടത്തുന്നത്. യുവാക്കളുടെ ശക്തി മോദിക്ക് അറിയാം. അതുകൊണ്ടാണ് അവരുടെ ശബ്ദം ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതെന്നും പ്രകാശ് രാജ് കുറ്റപ്പെടുത്തി. 

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News