ബാൽക്കണിയിൽനിന്ന് തുപ്പുന്നതിനിടെ 11 കെവി ലൈനിൽ തട്ടി; 65കാരന് ദാരുണാന്ത്യം

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഗായത്രി നഗറിലെ വാടകവീട്ടിലായിരുന്നു അപകടം

Update: 2026-10-26 10:51 GMT

ഭോപ്പാൽ: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ഗുട്ക തുപ്പുന്നതിനിടെ ഹൈടെൻഷൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലുള്ള ഗഞ്ച്ബസോദയിലാണ് സംഭവം. ഛത്തർപൂർ സ്വദേശിയായ പ്രഭുലാൽ ഗുപ്ത (65) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഗായത്രി നഗറിലെ വാടകവീട്ടിലായിരുന്നു അപകടം. മൂന്നാം നിലയിലെ ബാൽക്കണിയിൽനിന്ന്് ഇയാൾ ഗുട്ക ചവച്ച് തുപ്പിയപ്പോൾ, തൊട്ടടുത്തുകൂടി കടന്നുപോകുന്ന 11 കെവി ഹൈടെൻഷൻ ലൈനുമായി സമ്പർക്കമുണ്ടാവുകയും ഇയാളിലേക്ക് അതിശക്തമായി വൈദ്യുതി പ്രവഹിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ ഗുപ്ത സംഭവസ്ഥലത്തുതന്നെ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയായ പ്രഭുലാൽ കഴിഞ്ഞ പത്ത് വർഷമായി ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

Advertising
Advertising

ഗുട്ക തുപ്പുമ്പോഴുണ്ടാകുന്ന സ്രവധാരയിലൂടെ വൈദ്യുതി പ്രവഹിക്കാൻ സാധ്യതയുണ്ടെന്നാണ് ഇലക്ട്രിക്കൽ വിദഗ്ധർ വ്യക്തമാക്കുന്നത്. ഉമിനീരിലടങ്ങിയിരിക്കുന്ന ഈർപ്പവും ലവണങ്ങളും വൈദ്യുതി കടത്തിവിടാൻ പര്യാപ്തമായവയാണ്. സ്രവം ഹൈടെൻഷൻ ലൈനിൽ തുടർച്ചയായി സ്പർശിക്കുന്ന സാഹചര്യമുണ്ടായാൽ അത് ഒരു ചാലകമായി പ്രവർത്തിച്ച് ശരീരത്തിലേക്ക് വൈദ്യുതി കടന്നുപോകാം. മാത്രമല്ല, അനുകൂല സാഹചര്യങ്ങളിൽ 11 കെവി ലൈനുകളിൽ നിന്ന് ഇലക്ട്രിക്കൽ ആർക്കിങ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീടിന്റെ ബാൽക്കണി ലൈനിന് വളരെ അടുത്താണെങ്കിൽ വായുവിലൂടെ തന്നെ വൈദ്യുതി പ്രവഹിക്കാമെന്നും, ശരീരത്തിലൂടെ വൈദ്യുതി കടന്നുപോയാൽ മാരകമായി പൊള്ളലേൽക്കാനും മരണം സംഭവിക്കാനും ഇടയാക്കുമെന്നും ഇവർ വിശദീകരിച്ചു.

അതേസമയം, അപകടത്തിന് പിന്നാലെ വൈദ്യുതി വകുപ്പിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകൾക്ക് ഭീഷണിയായി വളരെ അടുത്തുകൂടി പോകുന്ന ഹൈടെൻഷൻ ലൈനുകളെക്കുറിച്ച് പലതവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും വയറുകളും ട്രാൻസ്‌ഫോർമറുകളും ഏറെ ശോച്യാവസ്ഥയിലാണെന്ന് ഗുപ്ത താമസിച്ചിരുന്ന വീടിന്റെ ഉടമ പറഞ്ഞു. ലൈനുകൾ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും മാറ്റാമെന്ന ഉറപ്പല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വീട്ടുടമയായ പത്മ ചിധാർ ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News