ആരാണ് ചുഴലിക്കാറ്റിന് പേരിടുന്നത്? 'അര്‍ണബ്' എന്ന് പേര് വന്നത് എങ്ങനെ, ഇനിയുള്ള പേരുകള്‍ എന്തെല്ലാം...
ചുഴലിക്കാറ്റുകളെ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ അവക്ക് കൃത്യമായി പേര് നല്‍കല്‍ ആവശ്യമാണ്
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ 'അര്‍ണബ്' ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുകയാണ്. കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലെ തീരമേഖലകള്‍. നിലവില്‍ ആന്‍ഡമാന്‍ ദ്വീപിലെ ശ്രീ വിജയ പുരത്തിന് 590 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് 650 കിലോമീറ്റര്‍ കിഴക്ക്-തെക്കുകിഴക്കായും, ബപട്ലയ്ക്ക് 910 കിലോമീറ്റര്‍ കിഴക്കുമായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.
നാളെയോടെ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറും. 28ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരും. ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ്-യാനം തീരങ്ങള്‍ക്കിടയിലൂടെ ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയില്‍ തീരം തൊടുകയും ചെയ്യും. മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വരെ വേഗത്തില്‍ അതിശക്തമായ ചുഴലിക്കാറ്റായാണ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ആരാണ് 'അര്‍ണബ്' എന്ന് പേര് നല്‍കിയത് ?
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്ന ഒരു സംവിധാനം നിലവിലുണ്ട്. ഈ രീതി അനുസരിച്ചാണ് ഏറ്റവും ഒടുവില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് 'അര്‍ണബ്' എന്ന പേര് നല്‍കിയത്. ബംഗ്ലാദേശാണ് ഈ പേര് നിര്‍ദേശിച്ചത്. ബംഗാളിയില്‍ 'സമുദ്രം' എന്നാണ് ഇതിന്റെ അര്‍ഥം.
കാറ്റിന് പേരിടുന്നത് എങ്ങനെ?
ലോക കാലാവസ്ഥാ സംഘടന (WMO) യുടെയും ഐക്യരാഷ്ട്രസഭയുടെ ഏഷ്യ, പസഫിക് സാമ്പത്തിക സാമൂഹിക കമ്മീഷന്റെയും (ESCAP) മേൽനോട്ടത്തിലാണ് ബംഗാള്‍ ഉള്‍ക്കടല്‍, അറബിക്കടല്‍ ഉള്‍പ്പെടുന്ന വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങളാണ് പാനലിലുള്ളത്.
ഓരോ രാജ്യവും 13 പേരുകള്‍ നിര്‍ദേശിക്കും. ഇങ്ങനെ രാജ്യങ്ങള്‍ സമര്‍പ്പിച്ച 169 പേരുകളില്‍ നിന്നാണ് പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുമ്പോള്‍ അതിന് പേര് തെരഞ്ഞെടുക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലാണ് പട്ടികയില്‍ രാജ്യങ്ങളെ ക്രമീകരിച്ചിരിക്കുന്നത്. ഈ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ നിര്‍ദേശിച്ച പേര് നല്‍കും.
ചുഴലിക്കാറ്റുകളെ സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ പലപ്പോഴും കൃത്യമായി അവക്ക് പേരുണ്ടെങ്കിലേ സാധിക്കൂ. അതുകൊണ്ടാണ് ചുഴലിക്കാറ്റുകള്‍ക്ക് വ്യത്യസ്തമായ പേരുകള്‍ നല്‍കുന്നത്. 2000ത്തിലാണ് ഏഷ്യ-പസഫിക് മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേര് നല്‍കാനായി രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്.
ഇനി വരുന്ന 10 കാറ്റുകളുടെ പേരുകള്‍
അര്‍ണബ് (Arnab) - നിർദേശിച്ച രാജ്യം, ബംഗ്ലാദേശ്
മുരശ് (Murasu) - ഇന്ത്യ
അക്വാന്‍ (Akvan) - ഇറാന്‍
കാനി (Kaani) - മാലദ്വീപ്
ങമാന്‍ (Ngamann) - മ്യാന്‍മര്‍
സെയില്‍ (Sail) - ഒമാന്‍
സഹാബ് (Sahab) - പാകിസ്ഥാന്‍
ലുലു (Lulu) - ഖത്തര്‍
ഗസീര്‍ (Ghazeer) - സൗദി അറേബ്യ
ഗിഗും (Gigum) - ശ്രീലങ്ക
തിയാന്‍യോട്ട് (Thianyot) - തായ്‌ലന്‍ഡ്
പേരിടാനുമുണ്ട് ചില മാനദണ്ഡങ്ങൾ
1900കളുടെ മധ്യത്തിൽ ചുഴലിക്കാറ്റുകൾക്ക് സ്ത്രീ നാമങ്ങൾ മാത്രമേ നൽകിയിരുന്നുള്ളൂ. പിന്നീട് 1900കളുടെ അവസാനത്തിന് മുമ്പ് ദക്ഷിണാർധഗോളത്തിലെ ചുഴലിക്കാറ്റുകൾക്ക് പുരുഷ നാമങ്ങൾ നൽകിയിരുന്നുവെങ്കിലും ഇപ്പോഴിടുന്ന പേരുകൾ നിഷ്പക്ഷമാണ്.രാജ്യങ്ങളിടുന്ന പേരുകൾക്ക് ചില കർശന മാനദണ്ഡങ്ങളുണ്ട്. പേര് നിഷ്പക്ഷമായിരിക്കണം. ഏതെങ്കിലും ജനവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താത്തതായിരിക്കണം. പരമാവധി എട്ട് അക്ഷരങ്ങൾ മാത്രമേ ഉണ്ടാകാവൂ. ജാതി, മതം വർഗം, വർണം, രാഷ്ട്രീയം തുടങ്ങിയവയിലെ വിവേചനങ്ങളുമായി ബന്ധമുണ്ടാകരുത്. ഉച്ചരിക്കാൻ എളുപ്പമായിരിക്കണം. ഇങ്ങനെ നിരവധി മാനദണ്ഡങ്ങൾ പാലിച്ചാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്.