മുംബൈ: ബോളിവുഡ് നടൻ ടൈഗര്‍ ഷ്‌റോഫിന്റെ കാറിനു നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലായ പ്രതികൾ നഗരത്തിൽ തങ്ങിയ സമയത്ത് ആമിർ ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയ പ്രമുഖ ബോളിവുഡ് താരങ്ങളുടെ വീടുകൾക്ക് ചുറ്റും നിരീക്ഷണം നടത്തിയിരുന്നതായി പൊലീസിന് മൊഴി നൽകി.
ലക്ഷ്യം നടൻ സൽമാൻ ഖാൻ ആയിരുന്നുവെന്നും പ്രതികൾ വെളിപ്പെടുത്തി. സൽമാൻ ഖാന്റെ വസതിയായ ബാന്ദ്രയിലെ 'ഗാലക്സി അപാർട്ട്മെന്റിന്' ചുറ്റും ഇവർ നിരീക്ഷണം നടത്തിയിരുന്നെങ്കിലും, അവിടെയുള്ള കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ കണ്ടതിനെത്തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
സൽമാൻ ഖാനിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമികൾ ആമിർ ഖാൻ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ എന്നിവരുടെ വസതികളിലേക്ക് തിരിഞ്ഞത്. ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ ആക്രമണം നടക്കുന്നതിന് മുമ്പ്, ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾ ആമിർ ഖാന്റെ ബാന്ദ്രയിലുള്ള വീടിന് ചുറ്റും മൂന്ന് തവണകളിലായി ഏകദേശം ഒരു മാസത്തോളം നിരീക്ഷണം നടത്തിയെന്ന് മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഒക്ടോബർ 18ന് വൈകുന്നേരം മുംബൈ ജുഹു പ്രദേശത്ത് വെച്ചാണ് അക്രമികൾ ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ വെടിയുതിർത്തത്. കാറിന്റെ ജനൽ ഗ്ലാസ് താഴ്ത്തി ആരാധകരെ കൈവീശി കാണിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേർ കാറിന് നേരെ 5 മുതൽ 6 റൗണ്ട് വരെ വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ടൈഗർ ഷ്‌റോ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു. കേസുമായി ബന്ധപ്പെട്ട് രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നായി 11 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യു.എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ അനുയായി എന്ന് കരുതപ്പെടുന്ന ഗാങ്സ്റ്റർ അനിൽ പണ്ഡിറ്റിനെ കേസിലെ പ്രധാന പ്രതിയായി പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അനിൽ പണ്ഡിറ്റ് ഏറ്റെടുത്തിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.