ദുർഗന്ധം വമിക്കുന്ന 216-ാം നമ്പർ മുറി; പൂട്ടിക്കിടക്കുന്ന മുറിയിൽ പെട്ടിക്കുള്ളിൽ അഴുകിയ മൃതദേഹം; അച്ഛനെ കൊന്ന മകളും കാമുകനും അറസ്റ്റിൽ
പൊളിത്തീൻ കവറിൽ പൊതിഞ്ഞ് മൂന്ന് കമ്പിളി പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം
കാൺപൂർ: ഉത്തർപ്രദേശ് ഇട്ടാവയിലെ കാൻഷിറാം കോളനി. ഇവിടുത്തെ ബ്ലോക്ക് 14ലെ ഒന്നാം നിലയിലുള്ള 216-ാം നമ്പർ മുറി ദിവസങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മുറിയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. ദുർഗന്ധം അനുഭവപ്പെട്ട അയൽവാസികൾ മുറിയുടെ അടുത്തുവന്നു. മുറിക്കുള്ളിൽ ചീഞ്ഞ എന്തോ കിടപ്പുണ്ടെന്ന് അവർക്ക് മനസിലായി.
മൂന്നരയോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചു. സിവിൽ ലൈൻസ് പൊലീസ് ഉടൻ സ്ഥലത്തെത്തി. വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പൊലീസ് മുറിയാകെ പരിശോധിച്ചു. അപ്പോഴാണ് വലിയൊരു പെട്ടി കാണുന്നത്. പെട്ടിയിൽ നിന്നാണ് ദുർഗന്ധം വരുന്നതെന്ന് അവർക്ക് വ്യക്തമായി. പൂട്ട് തകർത്ത് പെട്ടി തുറന്ന പൊലീസ് കണ്ടത് അഴുകിയ നിലയിലുള്ള മനുഷ്യശരീരമാണ്. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് മൂന്ന് കമ്പിളി പുതപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
മൃതദേഹം കണ്ട അയൽവാസികൾക്ക് മരിച്ചത് ശ്യാം സുന്ദർ കതേരിയ എന്നയാളാണെന്ന് മനസിലായി. അമ്പത്തിയഞ്ചുകാരനായ ശ്യാം സുന്ദർ അവിടെയുള്ള ശുഭം ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് എഎസ്പി ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.
ഫൊറൻസിക് സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. കൊലപാതകത്തിന് ശേഷമാണ് മൃതദേഹം പെട്ടിയിൽ വെച്ചതെന്ന് മനസിലായി. എന്നാൽ മരണകാരണം എന്താണെന്ന് വ്യക്തമായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് സിറ്റി എസ്പി ബബിത സിങ് അറിയിച്ചത്.
ശ്യാം സുന്ദറിന്റെ വീട്ടുകാരുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചു. എന്നാൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന മകൾ പൂജ അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അയൽവാസികൾ ഇതിനകം അൗറയ്യ ജില്ലയിലെ ഭിക്കാൻപൂരിൽ താമസിക്കുന്ന മൂത്ത മകൾ കാജലിനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. പൊലീസ് കാജലുമായി ബന്ധപ്പെട്ടു. താൻ പിതാവിനോട് അവസാനമായി സംസാരിച്ചത് അഞ്ച് ദിവസം മുമ്പാണെന്ന് കാജൽ പറഞ്ഞു. വെള്ളിയാഴ്ചയും ഞായറാഴ്ചയും വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെന്നും അവർ വ്യക്തമാക്കി.
തുടർന്ന് പൂജയെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. എന്നാൽ പൂജ എവിടെയെന്ന് കാജലിന് അറിയില്ലായിരുന്നു. ഇതോടെ പൂജയുടെ മേൽ പൊലീസിന് സംശയം ബലപ്പെട്ടു. കാജലിനും സഹോദരി പൂജയെ തന്നെയായിരുന്നു സംശയം. തന്റെ വിവാഹത്തിന് മുമ്പ് തന്നെ പൂജ ഒരാളുമായി സംസാരിക്കാറുണ്ടായിരുന്നെന്നും അവർ പ്രണയത്തിലാണെന്ന് തനിക്ക് സംശയമുണ്ടെന്നും കാജൽ പറഞ്ഞു.
ഇതോടെ പൂജയുടെ പിന്നാലെയായി പൊലീസിൻ്റെ അന്വേഷണം. ഒടുവിൽ ഞായറാഴ്ച വൈകിട്ടോടെ പൂജയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെ അവർ കൊലപാതകക്കുറ്റം സമ്മതിച്ചു. തന്റെ പ്രണയബന്ധത്തെ എതിർത്തതാണ് പിതാവിനെ കൊല്ലാൻ കാരണമെന്നാണ് മകൾ പൂജ പൊലീസിന് നൽകിയ മൊഴി.
ശ്യാം സുന്ദറിന്റെ ഭാര്യ ശശി ദേവി മറ്റൊരു വിവാഹം ചെയ്ത് പത്ത് വർഷമായി വേറെയാണ് താമസിക്കുന്നത്. ശ്യാം സുന്ദറിന് കാജൽ, പൂജ, അമ്മയോടൊപ്പം താമസിക്കുന്ന ഖുഷി എന്നിങ്ങനെ മൂന്ന് പെൺമക്കളാണുള്ളത്.