100 ശതമാനം എഥനോള്‍; ഇ100 ഫ്ലെക്സ് ഫ്യൂവല്‍ കാറുകള്‍ക്ക് കേന്ദ്രത്തിൻ്റെ അനുമതി
മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി
ന്യൂഡല്‍ഹി: 100 ശതമാനം എഥനോള്‍ ഇന്ധനത്തില്‍ (E100) ഓടാന്‍ കഴിയുന്ന കാറുകള്‍ക്ക് രാജ്യത്ത് നിയമപരമായ അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തി. E100 ഇന്ധനം ഉപയോഗിക്കുന്ന ഫ്ലെക്സ് ഫ്യൂവല്‍ വാഹനങ്ങള്‍ക്ക് അംഗീകാരം നല്കുന്ന വിജ്ഞാപനം ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കി. ഫ്ലെക്സ് ഫ്യൂവലില്‍ ഓടുന്ന കൂടുതല്‍ വാഹന മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഇതോടെ വഴിയൊരുങ്ങും.
നിലവില്‍ രാജ്യത്ത് ഉപയോഗിക്കുന്ന E20 പെട്രോളില്‍ 20 ശതമാനം എഥനോളും 80 ശതമാനം പെട്രോളുമാണുള്ളത്. ഇതില്‍നിന്ന് വ്യത്യസ്തമായി E100 ഇന്ധനത്തില്‍ മുഴുവനായും എഥനോളാണ് അടങ്ങിയിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ എഥനോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേകം രൂപകല്പന ചെയ്ത് സര്ട്ടിഫിക്കേഷന് നേടിയ ഫ്ലെക്സ് ഫ്യൂവല്‍ വാഹനങ്ങളില്‍ മാത്രമേ E100 ഇന്ധനം ഉപയോഗിക്കാനാകൂ. സാധാരണ പെട്രോള്‍ കാറുകളിലോ E20 ഇന്ധനത്തിനായി രൂപകല്പന ചെയ്ത വാഹനങ്ങളിലോ E100 ഉപയോഗിക്കാന്‍ അനുമതിയില്ല.
എഥനോള്‍ അധിഷ്ഠിത ഇന്ധനങ്ങളുടെ ഉപയോഗം വര്‍ധിപ്പിച്ച് ക്രൂഡ് ഓയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്നാണ് കേന്ദ്രത്തിന്റെ വാദം. ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന എഥനോള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിലൂടെ വിദേശ ഇന്ധന ഇറക്കുമതിക്കുള്ള ചെലവ് കുറയ്ക്കാനും വാഹനങ്ങളില്‍നിന്നുള്ള മലിനീകരണം നിയന്ത്രിക്കാനും കഴിയുമെന്നാണ് കണക്കാക്കുന്നത്.
മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ മോട്ടോഴ്സ്, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികള്‍ ഉയര്‍ന്ന അളവില്‍ എഥനോള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ ഇറക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. മാരുതി സുസുക്കി വാഗണ്‍ആര്‍ ഫ്ലെക്സ് ഫ്യൂവല്‍ മോഡല്‍ ഈയിടെ അവതരിപ്പിച്ചിരുന്നു. ഇതിന് E20 മുതല്‍ E100 വരെയുള്ള ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാനാകും.
പെട്രോളിന് പകരം 100 ശതമാനം എഥനോള്‍ ഉപയോഗിക്കുന്ന കാറുകളിലേക്ക് മാറിയാല്‍ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നു. 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന കാറിന്റെ ഇന്ധനച്ചെലവ് ലിറ്ററിന് വെറും 25 രൂപയായി കുറയുമെന്നായിരുന്നു ഗഡ്കരിയുടെ വാക്കുകള്‍.
ഇ20 പെട്രോള്‍ കാരണം വാഹനങ്ങളില്‍ മൈലേജ് കുറവും എന്ജിന് തകരാറുകളും ഉള്‍പ്പെടെ സംഭവിക്കുന്നുണ്ടെന്ന് വ്യാപക പരാതി ഉയരുന്നതിനിടെയാണ് ഇ100 ഇന്ധനവുമായി കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇ20ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ചെയ്തത്. എന്ജിന് തകരാര്‍ വ്യപകമായില്ലെന്നും ഇന്ധന ക്ഷമത കുറയുന്നു എന്നതിന് തെളിവില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം.