നാഷണൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയും: ഇഡി കുറ്റപത്രം സമർപ്പിച്ചു
സോണിയക്കും രാഹുലിനുമെതിരായ ഇഡി കുറ്റപത്രം രാഷ്ട്രീയ വേട്ടയാടലെന്ന് കോണ്‍ഗ്രസ്
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമർപ്പിച്ചു. ഡൽഹി റൗസ് അവന്യു കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. വ്യവസായി കൂടിയായ സാം പിത്രോദയുടെ പേരും കുറ്റപത്രത്തിലുണ്ട്.
സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമാണ്. കേസ് ഏപ്രിൽ 25ന് പരിഗണിക്കും. 5000 കോടിയുടെ തട്ടിപ്പെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (എ.ജെ.എൽ) കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ, യങ് ഇന്ത്യൻ എന്ന കമ്പനി വഴി തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നതാണ് കേസിലെ പ്രധാന ആരോപണം.
നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്ച നാഷണല്‍ ഹെറാള്‍ഡിന്റെ 661 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ഇഡി ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജവാഹര്‍ലാല്‍ നെഹ്‌റു 1938ലാണ് പാര്‍ട്ടി മുഖപത്രമായി 'നാഷണല്‍ ഹെറാള്‍ഡ്' തുടങ്ങിയത്. ഈ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എജെഎല്‍) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് പുതുതായുണ്ടാക്കിയ 'യങ് ഇന്ത്യ കമ്പനി' ഏറ്റെടുത്തതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. ഏറ്റെടുക്കലിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതായും ആരോപണമുണ്ട്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് നാഷണല്‍ ഹെറാള്‍ഡ് ഇടപാടില്‍ 2012ല്‍ പരാതിയുമായി രംഗത്തെത്തിയത്.
അതേസമയം സോണിയക്കും രാഹുലിനുമെതിരായ ഇഡി കുറ്റപത്രം രാഷ്ട്രീയ വേട്ടയാടലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാണിതെന്നും സത്യം ജയിക്കുമെന്ന് ജയറാം രമേശ് പ്രതികരിച്ചു. ഇഡിക്കെതിരെ നാളെ രാജ്യവ്യാപക പ്രതിഷേധത്തിനും കോണ്‍ഗ്ര് തീരുമാനിച്ചു. ഇഡി ഓഫീസുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം.