ജസ്റ്റിസ് ബി.ആര്‍ ഗവായ് അടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ്; മേയ് 14ന് സത്യപ്രതിജ്ഞ

മേയ് 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്

Update: 2025-04-16 10:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: ഇന്ത്യയുടെ 52-ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഔദ്യോഗികമായി ശിപാര്‍ശ ചെയ്തു. മേയ് 14ന് ബി.ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്യും. മേയ് 13നാണ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്.

അടുത്ത നവംബറിലാണ് ഗവായ് വിരമിക്കുന്നത്. അതുവരെയുള്ള ആറ് മാസം ജസ്റ്റിസ് ഗവായ് ആയിരിക്കും സുപ്രിം കോടതി ചീഫ് ജസ്റ്റിസ്. 2007 ൽ രാജ്യത്തെ പരമോന്നത ജുഡീഷ്യൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസ് സ്ഥാനം വഹിക്കുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ജസ്റ്റിസ് ബി.ആർ ഗവായ്.

മുതിര്‍ന്ന സുപ്രിം കോടതി ജഡ്ജി എന്ന നിലയിൽ നിരവധി സുപ്രധാന വിധിന്യായങ്ങളുടെ ഭാഗമായിരുന്നു ഗവായ്. 2016 ലെ കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് നിരോധന തീരുമാനം ശരിവച്ച വിധി, ഇലക്ടറല്‍ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രിം കോടതി വിധി എന്നിവ ഇതില്‍ ചിലതാണ്.

1985ലാണ് ഗവായ് അഭിഭാഷക ജീവിതം ആരംഭിച്ചത്. 1987ൽ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്ര പ്രാക്ടീസ് ആരംഭിക്കുന്നതിനുമുമ്പ് അദ്ദേഹം മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായിരുന്ന പരേതനായ രാജ എസ്. ബോൺസാലെയോടൊപ്പം പ്രവർത്തിച്ചു.

അതിനുശേഷം, ഭരണഘടനാ നിയമവും ഭരണ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന് മുമ്പാകെ പ്രാക്ടീസ് ചെയ്തു. 1992 ആഗസ്തിൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ അസിസ്റ്റന്റ് ഗവണ്‍മെന്റ് പ്ലീഡറായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായി. 2000-ല്‍ നാഗ്പൂര്‍ ബെഞ്ചിന്‍റെ ഗവണ്‍മെന്റ് പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം നിയമിതനായി. ജസ്റ്റിസ് ഗവായ് 2003-ല്‍ ഹൈക്കോടതിയുടെ അഡീഷണല്‍ ജഡ്ജിയായും 2005-ല്‍ സ്ഥിരം ജഡ്ജിയായും നിയമിതനായി. 2019-ല്‍ സുപ്രിം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News