മുര്‍ഷിദാബാദിൽ ബിജെപി ആസൂത്രിതമായി അക്രമണം നടത്തിയെന്ന് മമത ബാനര്‍ജി
ചില 'ഗോദി മീഡിയകള്‍' മനപൂര്‍വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ മുര്‍ഷിദാബാദിൽ നടന്ന സമരത്തിന് നേരെ ബിജെപി ആസൂത്രിതമായി അക്രമണം നടത്തിയതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇമാമുമാരുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പരാമര്‍ശം. വഖ്ഫ് വിഷയവുമായി ബന്ധപ്പെട്ട അക്രമണങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും മമത പറഞ്ഞു.
ബിജെപി ആരോപിക്കുന്നതു പോലെ വഖഫുമായി ബന്ധപ്പെട്ട ആക്രമണങ്ങളില്‍ പാര്‍ട്ടിക്ക് പങ്കുണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെടില്ലായിരുന്നുവെന്നും, വഖഫ് നിയമഭേദഗതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരില്‍ മുന്‍നിരയില്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്ന് ആരോപിച്ച മമത ചില 'ഗോദി മീഡിയകള്‍' തനിക്കെതിരെ മനപൂര്‍വം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും കുറ്റപ്പെടുത്തി. മുര്‍ഷിദാബാദിലേതെന്ന രീതിയില്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ വ്യാജമാണെന്നും മമത വ്യക്തമാക്കി. മുര്‍ഷിദാബാദില്‍ ഹിന്ദുക്കള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെയാണ് ആക്രമണം നടത്തുന്നതെന്ന് ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു.