നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടി പിരിച്ചുവിട്ട് ഗുലാം നബി ആസാദ്
കോൺഗ്രസ് വിട്ടതിന് ശേഷം 2022 സെപ്റ്റംബർ 26നായിരുന്നു ഗുലാം നബി ആസാദ് ഡിപിഎപി സ്ഥാപിച്ചത്.
ജമ്മു: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) പിരിച്ചുവിട്ട് പാർട്ടി ചെയർമാൻ ഗുലാം നബി ആസാദ്. ഡിപിഎപിയുടെ സംസ്ഥാന, പ്രവിശ്യാ, സോണൽ, ജില്ലാ, ബ്ലോക്ക് കമ്മിറ്റികൾ ഉൾപ്പെടെ എല്ലാ ഘടകങ്ങളും പിരിച്ചുവിട്ടതായി ഗുലാം നബി ആസാദിന്റെ സെക്രട്ടറി ബഷീർ ആരിഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കോൺഗ്രസ് വിട്ടതിന് ശേഷം 2022 സെപ്റ്റംബർ 26നായിരുന്നു ഗുലാം നബി ആസാദ് ഡിപിഎപി സ്ഥാപിച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയത്തിൽ പാർട്ടി നിർണായക സ്വാധീനമായി മാറുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ സമാപിച്ചതിന് പിന്നാലെ നേതാക്കൾ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങാൻ തുടങ്ങി. 2022 ഡിസംബറിൽ തന്നെ താരാ ചന്ദ്, മുൻ മന്ത്രി ഡോ. മനോഹർ ലാൽ ശർമ, മുൻ എംഎൽഎ ബൽവാൻ സിങ് തുടങ്ങിയ മുതിർന്ന നേതാക്കളെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് ആസാദ് പുറത്താക്കി. ഇതിന് പിന്നാലെ മുൻ മന്ത്രി പീർസാദ സയീദ് ഉൾപ്പെടെ 126-പേർ ഡിപിഎപി വിട്ടു.
പിന്നീട് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിലും നിയമസഭാ തെരഞ്ഞെടുപ്പിൽ 23 സീറ്റിലും മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടാൻ ഡിപിഎപിക്ക് കഴിഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാദിന്റെ പാർട്ടിയുടെ പകുതിയോളം സ്ഥാനാർഥികൾക്കും നോട്ടയെക്കാൾ കുറഞ്ഞ വോട്ടുകൾ മാത്രമാണ് നേടാനായത്. ഇതിന് പിന്നാലെയാണ് പാർട്ടി പിരിച്ചുവിട്ടതായുള്ള ഗുലാം നബി ആസാദിന്റെ പ്രഖ്യാപനം.